തൃശൂർ: തൃശൂരിൽ ചേലക്കര ഉദുവടിയിൽ ഇന്ന് 7.15-ഓടെ കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിർ ദിശയിൽ തിരുവില്വാമലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു ബസ്സുകളുടെയും മുൻഭാഗം പൂർണ്ണമായി തകർന്നു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ പരിക്കാണ് ഏറ്റവും ഗുരുതരം. അദ്ദേഹം സീറ്റിനിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. സ്വകാര്യ ബസ്സിലെയും കെഎസ്ആർടിസി ബസ്സിലെയും യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്, എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ രാവിലെ മുതൽ കനത്ത മഴ പെയ്യുന്നതിനാൽ, മഴയെത്തുടർന്ന് ബസ് തെന്നി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
