കോഴിക്കോട്: കലാഹൃദയം ഉള്ളിലുള്ളവരാകും മിക്ക ആളുകളും. പലപ്പോഴും ജോലിത്തിരക്കുകളും മറ്റും കാരണം തങ്ങളുടെ ഉള്ളിലുള്ള കഴിവുകൾ വേണ്ടവിധം പുറത്തെടുക്കാൻ ആവാതെ വരുന്നവർ. ചിലർ ജോലിയുടെ സ്വഭാവമനുസരിച്ച് സർഗ്ഗവാസനകൾ ഒപ്പം കൂട്ടുമെങ്കിലും പലരും ജോലിത്തരക്ക് കാരണം തങ്ങളുടെ കഴിവുകളെ മൂടിവെക്കാറാണ് പതിവ്. ഇത്തരത്തിൽ ജോലിത്തിരക്ക് വന്നതോടെ കവിത എഴുത്തിനെ ഹൃദയത്തിന്റെ ഒരു കോണിലേക്ക് മാറ്റിവെച്ചു ജോലിയിൽ ശ്രദ്ധാലുവായിരുന്ന പോലീസുകാരനാണ് സിറ്റി കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർ ആയ കോഴിക്കോട് മാവൂർ കുറ്റിക്കടവ് സ്വദേശി സ്വദേശി അബ്ദുള്ള.

പ്രീഡിഗ്രി പഠനകാലത്താണ് തന്റെ ഉള്ളിലെ കവി പുറത്തുവന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് നിരവധി കവിതകൾ എഴുതി. പിന്നീട്, ജോലി ലഭിച്ച് തിരക്കിലായതോടെ എഴുത്ത് കുറഞ്ഞു. 2019 കോവിഡ് കാലത്ത്, മുന്നേ എഴുതിയ ഒരു കവിത സഹോദരന്റെ സുഹൃത്ത് വായിക്കാൻ ഇടവരികയും, അത് സാമൂഹ്യ മാധ്യമത്തിലൂടെ പുറം ലോകത്തേക്ക് എത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതാണ് കവിയായുള്ള രണ്ടാം വരവിന്റെ പ്രോത്സാഹനം. സാമൂഹ്യ മാധ്യമത്തിൽ കവിതക്ക് വലിയ സ്വീകാര്യത ലഭിച്ചു. പിന്നീട് നിരവധി കവിതകൾ എഴുതി. പ്രണയവും പ്രകൃതിയും ബാല്യവും കൗമാരവുമെല്ലാം ആശയങ്ങൾ ആയി വന്നു. ലഹരിക്കെതിരെ ശക്തമായി പോരാടാനും തൂലിക ചലിച്ചു.
2025ൽ ലിപി പബ്ലിക്കേഷൻസിലൂടെ 65 കവിതകൾ കോർത്തിണക്കിയ കവിതസമാഹാരം ‘അണയാത്ത വിളക്ക്’ പുറത്തിറക്കി. 2019മുതൽ എഴുതിയ കവിതകളാണ് ഇതിലുള്ളത്. കോഴിക്കോട് പോലീസ് ക്ലബ്ബിൽ വെച്ച് കവിയും സംഗീതജ്ഞാനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് പ്രകാശനം ചെയ്തത്.
ഷാർജ ബുക്ക് പുസ്തകമേളയിൽ സാമൂഹ്യ സാംസ്‌കാരിക പ്രമുഖർ പങ്കെടുത്ത വേദിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. കെ കെ എൻ കുറുപ്പ്, പി കെ പോക്കറിന് നൽകി പ്രകാശിചിപ്പിച്ചു.
വിവിധ പുസ്തകമേളകളിൽ ‘അണയാത്ത വിളക്ക്’ കവിതസമാഹാരം എത്തിച്ചു.
ഭാര്യ ബുഷറ, മക്കളായ ഫാത്തിമത്തുൽ ഹുസ്ന, മുഹമ്മദ് ഹുദയ്‌ഫ്, മുഹമ്മദ് ഹുബൈസ്, ഫാത്തിമത്തുൽ ഹുസൈഫ മറ്റ് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, മേലുദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്നെല്ലാം വലിയ പ്രോത്സാഹനം ലഭിക്കുന്നുണ്ട്. സഹോദരനും എഴുത്തുകാരനാണ്. കവിത എഴുതി തുടങ്ങിയ ആദ്യ കാലങ്ങളിൽ പൂർണ പിന്തുണ നൽകി പ്രോത്സാഹിപ്പിച്ചിരുന്നത് ഉപ്പ മാങ്ങാട്ട് മൊയ്‌ദീൻ സാഹിബ് ആണ്. പരേതനായ ഉപ്പക്കാണ് കവിത സമാഹാരം അർപ്പിച്ചിരിക്കുന്നത്.
നടക്കാനിരിക്കുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.
