പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന് ഉത്തര്‍പ്രദേശ് കോടതി നോട്ടീസയച്ചു.കശ്മീര്‍ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ ആര്‍മിയുടെ വേഷം ധരിച്ചതിനാണ് പ്രയാഗ് രാജ് ജില്ലാ കോടതി നോട്ടീസയച്ചത്. ജില്ലാ ജഡ്ജി നളിന്‍ കുമാര്‍ ശ്രീവാസ്തവ ആണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 140 വകുപ്പ് പ്രകാരം സൈനികരല്ലാത്ത ആളുകള്‍ സൈനികരുടെ വേഷമോ ടോക്കണ്‍ അടക്കമുള്ള ചിഹ്നങ്ങളോ ധരിക്കുന്നത് കുറ്റകരമാണെന്ന് നോട്ടീസില്‍ പറയുന്നു. അഭിഭാഷകനായി രാകേഷ് നാഥ് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്. ഡിസംബറില്‍ ഇക്കാര്യം ആവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയിരുന്നെങ്കിലും അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന വിഷയമല്ലെന്ന് അറിയിക്കുകയായിരുന്നു. കേസ് മാര്‍ച്ച് രണ്ടിന് കോടതി പരിഗണിക്കും.

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക വേഷത്തിലെത്തിയത്. നൗഷേര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സൈനികര്‍ക്കൊപ്പമായിരുന്നു ഇത്തവണ ദീപാവലി ആഘോഷം. പ്രധാനമന്ത്രിയായല്ല കുടുംബാംഗം എന്നനിലയിലാണ് താനെത്തിയതെന്നായിരുന്നു സൈനികരോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.2016 മുതല്‍ മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് വരികയാണ്. 2017 മുതലാണ് സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *