യുക്രൈനില്‍ നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായും ഒഴിപ്പിക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രധാനമന്ത്രി ഇന്നും യോഗം വിളിച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍.

കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയറിയിച്ച കോടതി കുടുംബാംഗങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്താന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് കോടതിയെ അറിയിച്ച കേന്ദ്രം അനുഭവ പരിചയമുണ്ടെന്ന് 90 ലെ കുവൈറ്റ് രക്ഷാദൗത്യം ഓര്‍മ്മപ്പിച്ച് അവകാശപ്പെട്ടു

കേന്ദ്രസര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും യുദ്ധം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കിഴക്കന്‍ യുക്രൈനിലെ നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട് .

നോര്‍ക്കയുടെ കണക്കനുസരിച്ച് സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുണ്ട്
പിസോച്ചിനിലും മലയാളികള്‍ ഉള്‍പ്പടെ രക്ഷാകരത്തിനായി കാത്തിരിക്കുന്നത് ആയിരത്തിലേറെ ഇന്ത്യക്കാരാണ്. കിഴക്കന്‍ യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തിച്ചേര്‍ന്നാലും എവിടേക്ക് പോകണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഉള്ള ആശയക്കുഴപ്പമുണ്ടെന്നാണ് മലയാളികളില്‍ നിന്നടക്കമുള്ള വിവരം. വിദേശകാര്യമന്ത്രാലയം നേരത്തെ നല്‍കിയ നമ്പറുകള്‍ പ്രവർത്തിക്കുന്നില്ലെന്ന് വ്യാപക പരാതികള്‍ കിട്ടിയതായി കേരള സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി വേണു രാജാമണി ചൂണ്ടിക്കാട്ടുന്നു.

കിഴക്കന്‍ യുക്രൈനിലെ രക്ഷാ ദൗത്യം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മൂന്നാമതും ഉന്നത തല യോഗം വിളിച്ചു. രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാരര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കുന്ന പ്രധാനമന്ത്രി റഷ്യ വഴിയുള്ള ഒഴിപ്പിക്കല്‍ സാധ്യത വീണ്ടും വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *