പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ക്രിയേറ്റർ റവന്യൂ ഷെയറിംഗ് നയങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകൾക്കും ചിത്രങ്ങൾക്കും കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെങ്കിൽ ഉപയോക്താക്കൾക്ക് 90 ദിവസത്തെ വരുമാന വിലക്ക് നേരിടേണ്ടി വരുമെന്ന് എക്സിന്റെ ഉൽപ്പന്ന വിഭാഗം മേധാവി നിക്കിറ്റ ബിയർ അറിയിച്ചു. പ്ലാറ്റ്ഫോമിലെ ഉള്ളടക്കത്തിന്റെ വിശ്വാസ്യത നിലനിർത്താനും എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാനുമാണ് ഈ പരിഷ്കാരം.
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ നീക്കങ്ങൾക്ക് പിന്നാലെ മധ്യപൂർവേഷ്യയിൽ യുദ്ധപ്രതിസന്ധി രൂക്ഷമായതോടെ, വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ എഐ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യുദ്ധകാലത്ത് വസ്തുതാപരമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകേണ്ടത് അനിവാര്യമാണെന്ന് നിക്കിറ്റ ബിയർ വ്യക്തമാക്കി. ‘കമ്മ്യൂണിറ്റി നോട്ട്സ്’, മെറ്റാഡേറ്റ തുടങ്ങിയ സാങ്കേതിക സൂചനകൾ ഉപയോഗിച്ച് എഐ നിർമ്മിത ഉള്ളടക്കങ്ങൾ കണ്ടെത്താനാണ് കമ്പനിയുടെ തീരുമാനം.
എഐ വീഡിയോകൾ തിരിച്ചറിയാൻ പ്രയാസമുള്ള സാഹചര്യങ്ങളിൽ പോസ്റ്റ് മെനുവിലെ ‘ആഡ് കണ്ടെന്റ് ഡിസ്ക്ലോസേഴ്സ്’ വഴി ‘മെയ്ഡ് വിത്ത് എഐ’ ലേബൽ ചേർക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഡീപ്ഫേക്ക് വീഡിയോകളും കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങളും യാഥാർത്ഥ്യമെന്നോണം പ്രചരിക്കുന്നത് തടയാൻ എക്സ് നടത്തുന്ന വിപുലമായ നടപടികളുടെ ഭാഗമാണിത്. ഫാക്ട് ചെക്കർമാർ വഴി വ്യാജമെന്ന് തെളിയിക്കപ്പെട്ട നിരവധി പോസ്റ്റുകൾ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളും ഇതോടൊപ്പം തുടരുന്നുണ്ട്.
