വിദ്വേഷ പ്രസംഗവുമായി യുപി ദസ്ന ദേവി ക്ഷേത്ര പൂജാരി യതി നരസിംഹാനന്ദ്. രാജ്യത്ത് ഒരു മുസ്ലീം പ്രധാനമന്ത്രി ഉണ്ടായാൽ ഹിന്ദുക്കൾ കൂട്ടത്തോടെ മതം മാറപ്പെടുമെന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്‍.മുസ്‌ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടുമെന്നും അവശേഷിക്കുന്ന 10 ശതമാനം ആളുകൾ നാടുകടത്തപ്പെടുമെന്നും യതി ആരോപിച്ചു.ഡൽഹിയിൽ ഞായറാഴ്ച സംഘടിപ്പിച്ച ഹിന്ദു മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലനില്പിനായി ഹിന്ദു സമൂഹം ആയുധമെടുത്ത് പോരാടണമെന്നും വിവാദ പ്രസംഗത്തിൽ പറഞ്ഞു. പ്രസംഗം വിവാദമായതിന് പിന്നാലെ ഡൽഹി പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇതിനുമുന്പും നരസിംഹാനന്ദ് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. 2021 ഡിസംബറിൽ ഹരിദ്വാറിൽ ധരം സൻസാദിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലീം വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു.പരിപാടിക്കിടെ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.