പച്ചക്ക് വർഗീയത പ്രചരിപ്പിക്കുന്ന സംഘപരിവാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ഗുരുവായൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ. വിവാദമായ വർഗീയ പരാമർശങ്ങൾക്കെതിരെ എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ സി സുമേഷ് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുമ്പ് നൽകിയ പരാതികളിൽ നടപടി എടുക്കാത്തതിൽ നിന്നുള്ള ആവേശം ഉൾക്കൊണ്ടാണ് ബി. ഗോപാലകൃഷ്ണൻ കൂടുതൽ കടുത്ത രീതിയിലുള്ള വർഗീയ പ്രചാരണങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് അക്ബർ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും സമൂഹത്തിൽ വിഭജനം ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുരുവായൂരിൽ ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മറികടക്കാൻ വേണ്ടി ഗോപാലകൃഷ്ണനും കൂട്ടരും നടത്തുന്ന പാഴ്വേലയാണിതെന്നും നാട്ടിൽ വർഗീയത സൃഷ്ടിക്കാനുള്ള ഇത്തരം നീക്കങ്ങളെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
