തിരുവല്ലയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ഇടത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും ഭരണമാറ്റത്തിന് ജനങ്ങൾ സജ്ജമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. സദസ്സിനെ മലയാളത്തിൽ അഭിസംബോധന ചെയ്ത മോദി, ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്.

കേരളത്തിന്റെ വികസനക്കുതിപ്പ് തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിയെ വിജയപ്രതീക്ഷയോടെ മണ്ഡലത്തിന് സമർപ്പിച്ചു. വർഷങ്ങളായി തന്നോടൊപ്പം പ്രവർത്തിക്കുന്ന വ്യക്തിയാണ് അനൂപെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹെലിപാഡ് മുതൽ സമ്മേളന നഗരി വരെയുള്ള റോഡ് ഷോയിൽ തടിച്ചുകൂടിയ ജനക്കൂട്ടം കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്നും ബൂത്ത് തലത്തിലുള്ള പ്രവർത്തകരുമായി സംസാരിച്ചപ്പോൾ എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറാണെന്ന് ബോധ്യപ്പെട്ടതായും മോദി കൂട്ടിച്ചേർത്തു.

വേദിയിൽ കുമ്മനം രാജശേഖരൻ, അനൂപ് ആന്റണി തുടങ്ങിയ സ്ഥാനാർത്ഥികളെ കൈപിടിച്ചുയർത്തി മോദി അഭിവാദ്യം ചെയ്തു. ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ വകയായി ക്രിസ്തുരൂപവും, സ്ഥാനാർത്ഥി അനൂപ് ആന്റണി പടയണി തപ്പും പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകി.

Leave a Reply

Your email address will not be published. Required fields are marked *