എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തിന് ശേഷം രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരെല്ലാമാകുമെന്ന ആകാംക്ഷയിലാണ് കേരളം. ഇത്തവണ എല്‍ഡിഎഫില്‍ കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയെങ്കിലും പരമാവധി ആറ് കക്ഷികള്‍ക്ക് മാത്രമാകും മന്ത്രിസഭയില്‍ പ്രാതിനിധ്യം. ഇക്കാര്യങ്ങല്ലാം ചര്‍ച്ച ചെയ്യുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.

എല്‍ഡിഎഫില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങും മുമ്പ് ഏതോക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രി സ്ഥാനങ്ങള്‍ നല്‍കണമെന്നത് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. സിപിഎമ്മിന്റെ 13 മന്ത്രി സ്ഥാനങ്ങളില്‍ ആരൊക്കെ വേണം എന്നതിലും പാര്‍ട്ടി നേതൃത്വം കൂടിയാലോചന നടത്തും.

മന്ത്രി സഭയില്‍ പിണറായി കഴിഞ്ഞാല്‍ സിപിഎമ്മില്‍ രണ്ടാമത് കേന്ദ്ര കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കളായ കെ കെ ശൈലജ, എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവരാകും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എന്‍ ബാലഗോപാലും പി രാജീവും ചേരുന്നതോടെ ഒന്നാംനിര പൂര്‍ത്തിയായേക്കും. എം എം മണി ,ടി പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, എ സി മൊയ്തീന്‍ തുടങ്ങിയ സിപിഎം മന്ത്രിമാരില്‍ ആര്‍ക്കൊക്കെ രണ്ടാമൂഴം ലഭിക്കുമെന്നറിയാന്‍ ഇനിയും കാക്കണം. ബന്ധുനിയമനത്തില്‍ കുടുങ്ങിയ ഡോ. കെ ടി ജലീലിനെ പരിഗണിക്കുന്നതില്‍ ധാര്‍മ്മിക പ്രശ്‌നങ്ങള്‍ സിപിഎമ്മിനെ തിരിഞ്ഞുക്കൊത്തുന്നുണ്ട്. അപ്പോഴും രണ്ടും കല്‍പിച്ച് ജലീലിനെ പിണറായി വീണ്ടും തെരഞ്ഞെടുക്കുമോ എന്ന ചര്‍ച്ചകളും സജീവം.

ഡോ ആര്‍ ബിന്ദു, വീണ ജോര്‍ജ്ജ്, കാനത്തില്‍ ജമീല തുടങ്ങിയവരില്‍ ഒരാള്‍ മന്ത്രിസഭയില്‍ എത്തിയേക്കും. മുസ്ലീം വനിതയെ മന്ത്രിയാക്കിയാല്‍ അത് ചരിത്രമാകും. കഴിഞ്ഞ തവണ കോട്ടയം ജില്ലയെ തഴഞ്ഞത് ഇത്തവണ വി എന്‍ വാസവന്റെ സാധ്യത കൂട്ടുന്നു. ആലപ്പുഴയില്‍ സജി ചെറിയാനാണ് ഒന്നാമന്‍. വി ശിവന്‍കുട്ടി മന്ത്രിയാകുന്നതില്‍ കടകംപള്ളിയുടെ കാര്യത്തില്‍ സിപിഎം എടുക്കുന്ന തീരുമാനത്തെ അടിസ്ഥാനമാക്കിയാകും. വരും ദിവസങ്ങളില്‍ സംസ്ഥാന സമിതി കൂടി ചേര്‍ന്ന ശേഷമാകും പ്രഖ്യാപനം. സിപിഐയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും ഇന്ന് നടന്നേക്കും. ഉജ്വല വിജയത്തിന് ശേഷം ഇന്നലെ പിണറായി വിജയന്‍ എകെജി സെന്ററില്‍ എത്തി കേരളത്തിലെ പിബി അംഗങ്ങളെ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *