തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നുംകെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പോരാട്ടത്തിൽ തോറ്റിട്ട് ഇട്ടെറിഞ്ഞ് പോകില്ല. സ്വയം രാജി വെച്ച് ഒഴിയില്ലെന്നും ഹൈക്കമാൻഡ് മാറാൻ പറഞ്ഞാൽ മാറുമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട്.
സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായിഉള്ള ആവശ്യം ശക്തമാണ് കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. എന്നാല്‍, പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെയാണ് മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കിയത് . പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയത് മികച്ച പ്രവര്‍ത്തനമാണെന്നും അതിന് പാര്‍ട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്‍റെ പരാതി. ചെന്നിത്തല തുടരുന്നതിലും ഹൈക്കമാൻഡ് അന്തിമ നിലപാട് എടുക്കും. പ്രതിപക്ഷ നേതാവിന്റെ പേരിലുള്ള വാട്സാപ്പ് ഗ്രൂപ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ പേരിലേക്ക് മാറ്റിയതോടെയാണ് നേതൃസ്ഥാനം ഒഴിയുമെന്ന സൂചനകൾ വന്നത്.വി ഡി സതീശൻ,പി ടി തോമസ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരാണ് പ്രതിപക്ഷ സ്ഥാനത്തേക്കു ഉയർന്ന കേൾക്കുന്നത്.
അതേസമയം, കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കൂട്ടത്തോൽവിയിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി. ഒരാഴ്ചക്കുള്ളിൽ കാരണം വ്യക്തമാക്കണമെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. കെപിസിസി റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് സൂചന. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും.
