രാജ്യത്ത് എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഹൈദരബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കോവിഡ് പോസിറ്റീവായത്. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 380 ഏക്കറിലായി പരന്ന് കിടക്കുന്ന മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന സിംഹങ്ങള്‍ സുഖം പ്രാപിച്ച് വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിശദമായ സാംപിള്‍ പരിശോധനയില്‍ സിംഹങ്ങളിലുള്ള കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് വന്നതാണോയെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമാകമെന്നാണ് വിദഗ്ധര്‍ പറയുന്നു. മുന്‍കരുതലുകള്‍ സ്വീകരിക്കാനും മരുന്നുകള്‍ നല്‍കാനും വിദഗ്ധര്‍ ഇതിനോടകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം ശ്വാസകോശത്തിനെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് അറിയാന്‍ സിംഹങ്ങളെ സി ടി സ്‌കാനിന് വിധേയമാക്കും. കഴിഞ്ഞ 24ന് സിംഹങ്ങള്‍ക്കിടയില്‍ മൂക്കൊലിപ്പ്, ചുമ, വിശപ്പ് കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് സാംപിളുകൾ എടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. അടുത്തിടെ പാര്‍ക്കിലെ 25ഓളം ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാകാം മൃഗങ്ങളിലേക്ക് രോഗം പകര്‍ന്നതെന്നാണ് അനുമാനം. പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാല് ആണ്‍സിംഹങ്ങളും നാല് പെണ്‍ സിംഹങ്ങളുമാണ് രോഗബാധിതരായിട്ടുള്ളത്. സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്. കോവിഡ് ബാധ വ്യാപകമായതിന് പിന്നാലെ പാര്‍ക്കില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *