റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ദ്ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് പരിഗണിച്ചാണ് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കാൻ ആർബിഐ തീരുമാനിച്ചത് . ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയർന്നു. സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി മേയ് രണ്ട് മുതല്‍ നാല് വരെ നടത്തിയ യോഗത്തിലാണ് തീരുമാനമായതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുക്കിയ നിരക്കുകൾ ഉടനെ പ്രാബല്യത്തിൽ വരുമെന്ന് ഗവർണർ അറിയിച്ചു.

വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഉയര്‍ന്ന അസംസ്‌കൃത എണ്ണവില, ആഗോളതലത്തില്‍ ചരക്കുകളുടെ ദൗര്‍ലഭ്യം എന്നിവ ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയെ സ്വാധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.

യോഗത്തില്‍ പങ്കെടുത്തവരെല്ലാം തീരുമാനത്തെ പിന്തുണച്ച്‌ വോട്ട് ചെയ്തു. 2020 മേയ് മുതല്‍ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുകയായിരുന്നു. ആര്‍ ബി ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പണപ്പെരുപ്പ നിരക്ക് തുടരുന്നത്. റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ വായ്പാ പലിശ നിരക്കും ഉയരും.

Leave a Reply

Your email address will not be published. Required fields are marked *