ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ജന്‍മനാട്ടില്‍ മടങ്ങിയെത്തി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്.
രാവിലെ ആറ് മണിയോടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിയത്. ബാര്‍ബഡോസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്നു ഇന്ത്യന്‍ ടീമിന്റെ മടങ്ങി വരവ് വൈകിയിരുന്നു. രാവിലെ ടീമിനെ പ്രധാനമന്ത്രിയുടെ വസതിയില്‍ സ്വീകരിക്കും. വൈകീട്ട് മുംബൈയില്‍ തുറന്ന ബസില്‍ ഒരു കിലോമീറ്ററോളം ടീമിന്റെ പരേഡുമുണ്ട്. അതിനു ശേഷം ബിസിസിഐയുടെ പരിപാടിയുമുണ്ട്.
പരേഡിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ലോകകപ്പ് ട്രോഫി കൈമാറും. അടുത്ത രണ്ട് വര്‍ഷത്തേക്ക് ട്രോഫി ബിസിസിഐ ആസ്ഥാനത്ത് തുടരും. ഇന്ന് വൈകീട്ടോടെ കളിക്കാര്‍ അവരവരുടെ നാട്ടിലേക്ക് പോകും.
ജൂണ്‍ 29നു നടന്ന ത്രില്ലര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കിയത്. രണ്ടാം ടി20 ലോക കിരീടമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ സ്വന്തമാക്കിയത്.
