ബെംഗളുരുവിലെ കോളേജിൽ പട്ടാപ്പകൽ വിദ്യാർത്ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു.പശ്ചിമബംഗാൾ സ്വദേശി ജയ് കിഷൻ റോയ് എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചത്. അസം സ്വദേശി ഭാർഗവ് ജ്യോതി ബർമൻ എന്ന വിദ്യാർത്ഥിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ വിദ്യാർത്ഥിയെ ക്യാമ്പസിനകത്ത് കയറ്റാത്തതിനാണ് അരുംകൊല നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ബെംഗളുരു കെംപെപുരയിലെ സിന്ധി കോളേജിലാണ് സംഭവമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നു.ഇന്നലെ കോളേജിൽ ക്യാമ്പസ് ഫെസ്റ്റ് നടക്കുകയായിരുന്നു. പുറത്ത് പോകാൻ ഇറങ്ങിയ ഭാർഗവിനെ സെക്യൂരിറ്റി തടഞ്ഞു. പുറത്ത് പോയാൽ തിരിച്ച് കയറാൻ പറ്റില്ലെന്നും പറഞ്ഞു. ഇത് കേൾക്കാൻ തയ്യാറാകാതെ ഭാർഗവ് പുറത്തേക്ക് പോയി. അൽപ്പ സമയത്തിന് ശേഷം മദ്യപിച്ച നിലയിലാണ് ഭാർഗവ് തിരിച്ചെത്തിയത്. ഈ നിലയിൽ അകത്ത് കയറ്റാൻ കഴിയില്ലെന്ന് സെക്യൂരിറ്റി ജയ് കിഷൻ റോയ് പറഞ്ഞു. പിന്നാലെ വീണ്ടും പുറത്ത് പോയ ഭാർഗവ്, കത്തി വാങ്ങി തിരിച്ച് വന്ന് ജയ് കിഷൻ റോയിയെ കുത്തുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ ജയ് കിഷൻ റോയ് രക്തം വാർന്ന് തൽക്ഷണം മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *