കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം സ്വദേശിയായ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി.

അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ചികിത്സയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. അമീബയും ഫങ്കസും ഒരു പോലെ ബാധിച്ച 17 വയസുള്ള വിദ്യാര്‍ത്ഥി പൂർണ രോഗ മുക്തി നേടി. ലോകത്ത് തന്നെ ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷപ്പെടുത്തുന്നത് ഇതാദ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരനെയാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ഗുരുതരമായ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയേയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൂര്‍ണ ആരോഗ്യത്തോടെ ഡിസ്ചാര്‍ജ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *