സ്റ്റോക്കോം∙ 2023ലെ രസതന്ത്ര നൊബേൽ സമ്മാനം മൂന്നുപേർക്ക്. മൗംഗി ജി. ബാവെൻഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്സിറ്റി, യുഎസ്എ), അലക്സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവർക്കാണ് പുരസ്കാരം. നാനോടെക്നോളിയിലെ ഗവേഷണത്തിനാണ് ഇത്തവണത്തെ പുരസ്കാരം. ക്വാണ്ടം ഡോട്ട്, നാനോപാർട്ടിക്കിൾസ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.
∙ ക്വാണ്ടം ഡോട്ട്സ്

അലക്സി എക്കിമോവാണ് 1981ൽ ആദ്യമായി ക്വാണ്ടം ഡോട്ട്സ് എന്ന ആശയം ശാസ്ത്രലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. അതീവ സൂക്ഷ്മമായ, നാനോ സെമികണ്ടക്ടർ പാർട്ടിക്കിളുകളാണ് ക്വാണ്ടം ഡോട്ട്സ്. കാഡ്മിയം സെലെനൈഡ്, ലെഡ് സൾഫൈഡ് തുടങ്ങിയവ കൊണ്ടാണ് ഇവ നിർമിക്കുക പതിവ്. വലുപ്പമനുസരിച്ച് വിവിധ നിറങ്ങളിൽ പ്രകാശം പുറത്തുവിടാനുള്ള കഴിവും ഇവയ്ക്കുണ്ട്. ട്യൂണബ്ൾ എമിഷൻ എന്ന ഈ കഴിവ് ഇലക്ട്രോണിക് ഉപകരണങ്ങളും ശസ്ത്രക്രിയ ഉപകരണങ്ങളിലും വരെ ഉപയോഗപ്പെടുത്തുന്നുണ്ട്. ക്വാണ്ടം ഡോട്ടുകൾ ഉപയോഗപ്പെടുത്തിയിട്ടുള്ള എൽഇഡി ലൈറ്റുകൾക്ക് ഉയർന്ന അളവിൽ പ്രകാശം ഉൽപാദിപ്പിക്കാനാകും. വൈദ്യുതി കുറച്ച് കൂടുതൽ പ്രകാശിക്കാനും സാധിക്കും. സോളർ സെല്ലുകളിലും ഇതു ഫലപ്രദമായി ഉപയോഗിക്കാനാകും. കോശങ്ങളുടെയും കലകളുടെയും സൂക്ഷ്മ വിവരങ്ങള്‍ വരെയെടുത്ത് പ്രദർശിപ്പിക്കാനും കാൻസർ ചികിത്സയിലുമെല്ലാം ഇവയുടെ ഉപയോഗമുണ്ട്. അതിവേഗതയാർന്ന ക്വാണ്ടം കംപ്യൂട്ടിങ്ങിലും ഇന്ന് നിർണായക ഘടകമാണിത്.

∙ പേരുകൾ ചോർന്നു

അതിനിടെ, രസതന്ത്ര നൊബേല്‍ ചോർന്നത് വിവാദമായി. നൊബേൽ പുരസ്കാരം നിർണയിക്കുന്ന സ്വീഡിഷ് അക്കാഡമി ഇന്ന് പകൽ ഈ പുരസ്കാരം സംബന്ധിച്ച വാർത്താക്കുറിപ്പ് അബദ്ധത്തിൽ അയയ്ക്കുകയായിരുന്നുവെന്ന് സ്വീഡിഷ് മാധ്യമമായ എസ്‌വിടി റിപ്പോർട്ട് ചെയ്തു. സ്വീഡിഷ് സമയം പകൽ 11.45നാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *