നവജാത ശിശുവിനെ വിൽക്കണമെന്ന പിതാവിന്റെ ആവശ്യത്തിന് ‘അമ്മ വഴങ്ങാത്തതിനെ തുടർന്ന്
34 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലടിച്ച് കൊന്ന് പിതാവ്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് സംഭവം. കാകിനാട ജില്ലയിലെ ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭർത്താവ് മരിച്ചു പോയ ഇവർ കുറച്ച് കാലമായി കേദ ശിവ മണി എന്നയാൾക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഇവർക്കുണ്ടായ ആൺകുഞ്ഞിനെ കേദ ശിവ മണി വിറ്റിരുന്നു. അന്നും എതിർത്ത ഭവാനിയെ ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു. ഒരു മാസം മുൻപാണ് ഭവാനി പെൺകുഞ്ഞിന് ജന്മം നൽകുന്നത്. ഈ കുഞ്ഞിനേയും വിൽക്കുമെന്ന് കേദ ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി.
എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടർന്നതോടെ ഇയാൾ കുഞ്ഞിനെ കയ്യിലെടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കേറ്റ ഗുരുതര പരിക്കിനേ തുടർന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കാകിനാട വൺ ടൌൺ ഇൻസ്പെക്ടർ വിഷയത്തിൽ കേസ് എടുത്ത് കേദ ശിവ മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.