കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും അതിന് അനുസൃതമായ കുറവ് ആഭ്യന്തര വിപണിയിൽ ഉണ്ടാകാത്തത് ശ്രദ്ധേയമായി. ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണം.
160 രൂപ കുറഞ്ഞതോടെ കേരള വിപണിയിൽ ഒരു പവൻ (8 ഗ്രാം) സ്വർണത്തിൻ്റെ വില 95,600 രൂപയായി താഴ്ന്നു. ഒരു ഗ്രാമിന് 20 രൂപയുടെ കുറവോടെ വില 11,950 രൂപ എന്ന നിലയിലുമെത്തി. കഴിഞ്ഞ ദിവസം 520 രൂപയുടെ വലിയ വർധനവോടെ ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 95,760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
