യമൻ യുദ്ധത്തിനിടയിൽ ഹൂതി വിമതർ തടവിലാക്കിയ മലയാളിക്ക് മോചനം. ഇന്ത്യൻ സൈനികൻ കൂടിയായിരുന്ന ക്രൂ അംഗം അനിൽ കുമാർ രവീന്ദ്രന്റെ മോചനം രാജ്യം സ്വാഗതം ചെയ്തു. 52 വയസ്സുകാരനായ കായംകുളം സ്വദേശി അനിൽ കുമാർ രവീന്ദ്രനാണ് അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആശ്വാസത്തിന്റെ കര കയറുന്നത്.
ലൈബീരിയൻ പതാകയുള്ള ചരക്കുകപ്പൽ എം വി എറ്റേണിറ്റി സിയിൽ സെക്യൂരിറ്റി ഓഫീസർ ആയിരുന്നു അനിൽ കുമാർ. യമൻ സംഘർഷത്തിനിടയിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ കപ്പൽ തകർന്ന് ചെങ്കടലിൽ മുങ്ങി. തുടർന്ന് 2025 ജൂലൈ 7 മുതൽ അനിൽ കുമാർ ഹൂതി വിമതരുടെ തടവിലായി,
അതേസമയം അനിൽ കുമാർ രവീന്ദ്രന്റെ മോചനം രാജ്യം സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇദ്ദേഹം ബുധനാഴ്ച മസ്കറ്റിൽ എത്തിയതായും എത്രയും വേഗം രാജ്യത്തേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. അനിൽ കുമാറിനെ സുരക്ഷിതമായി എത്തിക്കാൻ വേണ്ട എല്ലാ നടപടികളും വിവിധ കക്ഷികളുമായി ഏകോപിപ്പിച്ചിട്ടുണ്ട്. മോചനം സാധ്യമാക്കിയ ഗൾഫ് സുൽത്താനും മന്ത്രാലയം നന്ദി അറിയിച്ചു.
ഫിലിപ്പീൻസ്, ഗ്രീസ്, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാരും കപ്പലിൽ ഉണ്ടായിരുന്നു. ആക്രമണത്തിൽ 4 ക്രൂ അംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്. നേരത്തെ തിരുവനന്തപുരം സ്വദേശി അഗസ്റ്റ്യൻ ഉൾപ്പെടെ 6 പേരെ യൂറോപ്യൻ യൂണിയൻ നേവൽ ഫോഴ്സ് രക്ഷപ്പെടുത്തി നാട്ടിലേയ്ക്ക് അയച്ചിരുന്നു.
