കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട ബെഹ്റൈൻ വിമാനം റദ്ദായതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. വിസ റദ്ദാകുന്നവരുൾപ്പെടെ സംഘത്തിലുണ്ട്. ഒരു ദിവസം കഴിഞ്ഞിട്ടും പകരം വിമാനം ഉറപ്പായിട്ടില്ല. കരിപ്പൂരിൽ ഗൾഫ് എയർ വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാർ പ്രതിസന്ധിയിലായത്. യാത്രക്കാർ ഹോട്ടലിൽ തന്നെ തുടരുകയാണ്. ഇന്ന് രാത്രി പരിഹാരം കാണുമെന്നാണ് കമ്പനി യാത്രക്കാർക്ക് നൽകിയിരിക്കുന്ന വാഗ്ദാനം.ഇന്നലെ പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട ഗൾഫ് എയർ വിമാനമാണ് സാങ്കേതിക തകരാർ കണ്ടതോടെ റദ്ദാക്കിയത്. മൂന്ന് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷമാണ് സർവീസ് റദ്ദാക്കാൻ തീരുമാനിച്ചത്. ഇന്‍റർവ്യൂവിൽ പങ്കെടുക്കേണ്ടവരും വിസ റദ്ദാകുന്നവരും വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ടവരുമെല്ലാം സംഘത്തിലുണ്ട്. യാത്രക്കാർ പ്രതിഷേധിച്ചതോടെ ഹോട്ടൽ സൗകര്യം ഒരുക്കിയെങ്കിലും പകരം യാത്ര എപ്പോഴെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മാനേജർമാർ സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ മാത്രമാണ് ഇടപെടുന്നതെന്നും പരാതിയുണ്ട്. രാത്രി പത്ത് മണിക്ക് വിമാനമൊരുക്കുമെന്നാണ് ഇപ്പോൾ കമ്പനി അധികൃതർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *