കറാച്ചി∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ മത്സരം ബഹിഷ്കരിക്കുമെന്ന് ആവർത്തിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇക്കാര്യത്തിൽ പാക്കിസ്ഥാന് ഒരു നിലപാടേയുള്ളൂവെന്നും ഫെബ്രുവരി 15ന് ശ്രീലങ്കയിൽ ഇന്ത്യയ്ക്കെതിരെ നിശ്ചയിച്ച മത്സരം ടീം കളിക്കില്ലെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു. ‘‘ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്നതിൽ പാക്കിസ്ഥാന് കൃത്യവും വ്യക്തവുമായ നിലപാടുണ്ട്.’’– ഫെഡറൽ കാബയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പാക്ക് പ്രധാനമന്ത്രി പറഞ്ഞു.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് ഞായറാഴ്ചയാണ് പാക്ക് സർക്കാർ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കളിക്കില്ലെന്നു നിലപാടെടുത്ത ബംഗ്ലദേശിനെ ലോകകപ്പിൽനിന്നു പുറത്താക്കിയതിന്റെ തുടർച്ചയായിട്ടായിരുന്നു ഈ തീരുമാനം. ഏഴിന് ആരംഭിക്കുന്ന ലോകകപ്പിൽ, പാക്കിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ്. ട്വന്റി20 ലോകകപ്പിന്റെ പ്രധാന ആകർഷണമാണ് ഇന്ത്യ – പാക്കിസ്ഥാൻ മത്സരം. ബഹിഷ്കരണം ഉചിതമായ തീരുമാനമാണെന്നും ബംഗ്ലദേശിനെ പിന്തുണയ്ക്കുന്നത് നിലപാടിന്റെ അടിസ്ഥാനത്തിലാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.‘‘ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല എന്ന കാര്യത്തിൽ ഞങ്ങൾ വളരെ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്, കാരണം കായിക രംഗത്ത് രാഷ്ട്രീയം പാടില്ല. ഞങ്ങൾ വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് ഇത്. ബംഗ്ലദേശിനൊപ്പം പൂർണ്ണമായും നിൽക്കണം, ഇതു വളരെ ഉചിതമായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ബംഗ്ലദേശിനൊപ്പമാണ്.’’– ഷെഹ്ബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *