മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണയ്ക്കണമെന്ന നിലപാടിലുറച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഐഎം വോട്ട് യുഡിഎഫിന് നല്‍കണമെന്നാണ് അഭ്യര്‍ത്ഥിച്ചത്. സിപിഐഎം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്ന പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഇക്കാര്യം പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘തലശ്ശേരിയിലടക്കം ബിജെപിയുടെ പത്രിക തള്ളിയത് മനപ്പൂര്‍വ്വമാണ്. സിപിഐഎമ്മിനെ സഹായിക്കാനാണത്. മനസാക്ഷിക്ക് വോട്ടുചെയ്യാന്‍ ബിജെപി പറയുന്നതിലൂടെ ഷംസീറിന് വോട്ടുചെയ്യാന്‍ തന്നെയാണ് ആവശ്യപ്പെടുന്നത്. നേരത്തെ സിഒടി നസീറിന് നല്‍കാമെന്ന് പറഞ്ഞ പിന്തുണയെക്കുറിച്ച് ബിജെപി ഇപ്പോള്‍ മിണ്ടുന്നില്ലല്ലോ’, മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കുപോക്കിന് തയ്യാറാണെന്നും മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ആദ്യപ്രസ്താവന.ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ എല്‍.ഡി.എഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത് എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

മുല്ലപ്പള്ളിയുടെ പ്രസ്താവന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുന്നത്. യുഡിഎഫിന് ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ലെന്നും തുടര്‍ഭരണത്തിന് വേണ്ടി സിപിഐഎം ബിജെപിയുമായി കൈകോര്‍ക്കുകയാണെന്നും ഇത് മറച്ചുവയ്ക്കാനാണ് സിപിഐഎം യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നുമായിരുന്നു ചെന്നിത്തല വ്യക്തമാക്കിയത്.

ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് കഴിവുണ്ട്. അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ സംഭവിക്കുമെന്നും ബിജെപിയെ പരാജയപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന്റെ മുഖ്യലക്ഷ്യമാണെന്നും മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ തള്ളികൊണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുല്ലപ്പള്ളിയുടെ വാക്കുകള്‍ അംഗീകരിക്കുന്നില്ലെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞ്.

Leave a Reply

Your email address will not be published. Required fields are marked *