ചെന്നൈ: വ്യവസായി ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനങ്ങളിലെ പരിശോധനക്കിടെ ഒന്നര കോടി രൂപ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങളില്‍ നിന്ന് സൂചന ലഭിച്ചു. വിദേശ നാണയ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് പണം കണ്ടെത്തിയത്. ഇന്നലെ തമിഴ്നാട്ടിലും കേരളത്തിലുമായി പത്ത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയതെന്നാണ് ഇഡി അറിയിക്കുന്നത്. എന്നാല്‍ എവിടെ നിന്നാണ് പണം കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

ചെന്നൈയിലും കോഴിക്കോടുമായി ഗോകുലം ചിറ്റ്‌സിന്റെ അടക്കം ഓഫീസുകളിലും ഗോകുലം ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫീസിലും നീലാങ്കരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. കോഴിക്കോട്ടായിരുന്ന ഗോകുലം ഗോപാലനെ ഇന്നലെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ച ഇഡി, രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. പി എം എല്‍ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന. ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലന്‍ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ല്‍ ആദായ നികുതി വകുപ്പും 2023ല്‍ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *