ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധം ആമിര്‍ ഖാനും കിരണ്‍ റാവുവും പോലെയാണെന്ന് ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റൗട്ട് പറഞ്ഞു. ബിജെപിയും ശിവസേനയും ശത്രുക്കളല്ലെന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.രണ്ട് മുന്‍ സഖ്യകക്ഷികളും വീണ്ടും ഒത്തുചേരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സാഹചര്യത്തെ ആശ്രയിച്ച് ‘ഉചിതമായ തീരുമാനം’ എടുക്കുമെന്ന് ഫഡ്‌നാവിസും പറഞ്ഞു. ഈ പ്രതികരണങ്ങളാണ് ഇപ്പോള്‍ ദുരൂഹമായ ചില രാഷ്ട്രീയ നീക്കങ്ങളുടെ സൂചന നല്‍കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ബിജെപിയും ശിവസേനയും വീണ്ടും ഒത്തുചേരുന്നതിനുള്ള സാധ്യതയെക്കുറിച്ചും മുന്‍ മുഖ്യമന്ത്രി കൂടിയായ ഫഡ്‌നാവിസ് പ്രതികരിച്ചത് ഇങ്ങനെ, ‘ രാഷ്ട്രീയത്തില്‍ യാതൊരുവിധ തര്‍ക്കങ്ങളും ഇല്ല. നിലവിലുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്’ .
നടന്‍ ആമിര്‍ ഖാന്‍, സംവിധായിക കിരണ്‍ റാവു എന്നിവരുടെ ബന്ധത്തോടാണ് സഞ്ജയ് റൗട്ട് ഈ സാഹചര്യചര്യത്തെ സാമ്യപ്പെടുത്തിയത്. വിവാഹമോചനം നേടിയിട്ടും ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നാണ് കഴിഞ്ഞ ദിവസം ഇവര്‍ വ്യക്തമാക്കിയത്. ഇവരുടെ കുട്ടി ആസാദിന്റെ സഹ-രക്ഷകര്‍ത്താവായിരിക്കുമെന്നും അവര്‍ പരസ്പരം വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ ഇന്ത്യ-പാകിസ്ഥാന്‍ പോലെ അല്ല. ആമിര്‍ ഖാനെയും കിരണ്‍ റാവുവിനെയും നോക്കൂ, അതു പോലെയാണ്. ശിവസേനയുടേയും ബിജെപിയുടേയും രാഷ്ട്രീയ വഴികള്‍ വ്യത്യസ്തമാണെങ്കിലും സൗഹൃദം കേടുകൂടാതെയിരിക്കും’ സഞ്ജയ് റൗട്ട് പറഞ്ഞു.
