ഗണിനിപ്രഭ: സവിശേഷ വിദ്യാലയങ്ങളിലെ
അധ്യാപക ശാക്തീകരണം ആരംഭിച്ചു
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി.) യുടെ നേതൃത്വത്തിൽ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ഓൺലൈൻ ശാക്തീകരണ പരിപാടി ആരംഭിച്ചു. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു. എസ്.സി.ആർ.ടി ഡയറക്ടർ ഡോ. ജെ പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിനു റിസർച്ച് ഓഫീസർ അഞ്ജന വി ആർ ചന്ദ്രൻ സ്വാഗതം പറഞ്ഞു.
കാഴ്ച, കേൾവി, ബുദ്ധിപരിമിതികൾ നേരിടുന്ന കുട്ടികൾക്കുള്ള സവിശേഷ വിദ്യാലയങ്ങളിലെ 3000ത്തിൽപരം അധ്യാപകർക്കും സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർക്കുമായി മൂന്നു ദിവസം വീതമുള്ള എട്ടു ബാച്ചുകളിലായാണ് പരിശീലനം. വീഡിയോ എഡിറ്റിംഗ്, ശബ്ദമിശ്രണം, ആനിമേഷൻ, ഗൂഗിൾ ഷീറ്റ്, ക്യു ആർ കോഡ് നിർമാണം എന്നിവയിലാണ് പരിശീലനം.
സങ്കലിത വിദ്യാഭ്യാസ (ഇൻക്ലൂസിവ് എഡ്യൂക്കേഷൻ) ത്തിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലും പെടുന്ന വിദ്യാർത്ഥികൾക്ക് ഗുണമേ•യുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം. ആ ലക്ഷ്യം സാധിക്കുന്നതിൽ സവിശേഷ പ്രാധാന്യമുള്ള പദ്ധതിയാണ് ‘ഗണിനിപ്രഭ’ എന്ന് മന്ത്രി പറഞ്ഞു. പേരുപോലെ തന്നെ വ്യത്യസ്തമായതും അതീവ പ്രാധാന്യം ഉള്ളതുമാണ് ‘ഗണിനിപ്രഭ’ സാങ്കേതിക വിദ്യാഭ്യാസ പരിശീലനപദ്ധതി എന്ന് അധ്യക്ഷൻ ഡോ. ജെ പ്രസാദ് പറഞ്ഞു. എസ്.സി.ഇ.ആർ.ടി കേന്ദ്രീകരിച്ചു ആരംഭിച്ച ഓൺലൈൻ പരിശീലന പരിപാടിയുടെ ആദ്യഘട്ടം ജൂലൈ 21നു അവസാനിക്കും.
പരാമ്പരാഗത വിശ്വകർമ്മ തൊഴിലാളികൾക്ക് പെൻഷൻ: അപേക്ഷ ക്ഷണിച്ചു
മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത 60 വയസ് പൂർത്തിയായ സംസ്ഥാനത്തെ പരമ്പരാഗത വിശ്വകർമ്മ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.bcdd.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ (രണ്ടാംനില), കാക്കനാട്, എറണാകുളം-682 030 എന്ന വിലാസത്തിലും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അപേക്ഷകൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ(ഒന്നാംനില), കോഴിക്കോട്-673020 എന്ന വിലാസത്തിലും അയക്കണം. വകുപ്പിൽ നിന്നും നിലവിൽ ഈ പദ്ധതി പ്രകാരം പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മറ്റു ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. അവസാന തീയതി ജൂലൈ 31. വിശദാംശങ്ങൾക്ക് മേഖലാ ഓഫീസ്, എറണാകുളം-0484-2429130, മേഖലാ ഓഫീസ്, കോഴിക്കോട്-0495-2377786 എന്നിവിടങ്ങളിൽ ബന്ധപ്പെടണം.
കെ.എസ്.ആർ.ടി.സി പെൻഷൻ ആറ് മുതൽ വിതരണം ചെയ്യും:
മന്ത്രി ആന്റണി രാജു
കെ.എസ്.ആർ.ടി.സിയിലെ ജൂൺ മാസത്തെ പെൻഷൻ ചൊവ്വാഴ്ച (ജൂലൈ ആറ്) മുതൽ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എസ്.ആർ.ടി.സിക്ക് പെൻഷൻ നൽകുന്നതിനുള്ള തുക നൽകി വന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയ് മാസത്തിൽ അവസാനിച്ചിരുന്നു. അത് ഒരു മാസത്തേക്ക് പുതുക്കുന്നതിനുള്ള ധാരണാപത്രം കെ.എസ്.ആർ.ടി.സി സിഎംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ തിങ്കളാഴ്ച ഒപ്പു വെച്ചു. ഇതോടെ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
2018 മുതൽ പെൻഷൻ വിതരണം നടത്തിയ ഇനത്തിൽ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റികൾക്ക് ഇത് വരെ 2432 കോടി രൂപ സർക്കാരിൽ നിന്ന് തിരിച്ചു നൽകിയതായും മന്ത്രി അറിയിച്ചു.
റിവിഷൻ സ്‌കീം ഡിപ്ലോമാ പരീക്ഷകൾ ഏഴു മുതൽ
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന റിവിഷൻ (2015) സ്‌കീം ഡിപ്ലോമാ പരീക്ഷകൾ ജൂലൈ ഏഴു മുതൽ വിവിധ പോളിടെക്‌നിക് കോളേജുകളിൽ ആരംഭിക്കും. ഹാൾടിക്കറ്റുകൾ വിദ്യാർത്ഥികളുടെ ലോഗിനിൽ ലഭിക്കും. ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ലക്ഷ്യദ്വീപ് നിവാസികളായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാൻ ദ്വീപിൽ സൗകര്യമുണ്ട്.
ഭിന്നശേഷിക്കാർക്ക് അവാർഡ്: കലാ സൃഷ്ടികൾ, രചനകൾ ക്ഷണിച്ചു
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാനും 2020 ൽ മലയാളത്തിൽ/ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ, ചിത്രരചനകൾ/കളർ പെയിന്റിംഗ് തുടങ്ങിയവ അവാർഡിനായി ക്ഷണിച്ചു. അപേക്ഷകർ സൃഷ്ടികളുടെ നാല് പകർപ്പുകൾ, സ്വന്തം രചന/സൃഷ്ടിയാണ് എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജൂലൈ 31 നകം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി.9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം- 695 010 എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി മാത്രം
ശാരീരിക അവശതകൾ (disability) അനുഭവിക്കുന്നവർക്ക് ഓൺലൈനായി ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തുടക്കമായി. ഇതിനായി പ്രത്യേകം ആവിഷ്‌കരിച്ച യു.ഡി.ഐ.ഡി പോർട്ടൽ മുഖേനയാണ് ഓൺലൈനായി സർട്ടിഫിക്കറ്റ് ലഭിക്കുക. ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന് അർഹരായവർക്ക് www.swavlambancard.gov.in ൽ നിന്നും രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. അപേക്ഷകർ നേരിട്ട് നൽകുന്ന അപേക്ഷകൾ ഇനി മുതൽ മെഡിക്കൽ ബോർഡ് സ്വീകരിക്കില്ല. അപേക്ഷകരും ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇതൊരറിയിപ്പായി സ്വീകരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2720977.
ഫാർമസി ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു
കേരളത്തിലെ 14 ജില്ലകളിലും സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം ആണ് യോഗ്യത. കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. നിലവിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിയിൽ ബിരുദമുള്ളവർക്ക് അഞ്ച് വർഷവും, ഫാർമസിയിൽ ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഉള്ളവർക്ക് ഏഴ് വർഷവും പ്രവൃത്തി പരിചയം വേണം.
വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകളോടെ ജൂലൈ 23 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ പ്രസിഡന്റ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക്ക് ഹെൽത്ത് ലാബ് കോമ്പൗണ്ട്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-695 035 എന്ന വിലാസത്തിൽ ലഭിക്കണം. വിശദാംശം www.kspconline.in ൽ ലഭിക്കും. ഇ-മെയിൽ:office.kspc@gmail.com. ഫോൺ: രജിസ്ട്രാർ:9446474632, മാനേജർ:8086572454.
