ഗുവാഹത്തി: നാഗാലാൻഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് വലിയ പാറക്കഷണം റോഡിൽ നിർത്തിയിട്ടിയിരുന്ന കാറുകൾക്കു മുകളിലേക്ക് ഉരുണ്ടു വീണ് രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. നാഗാലാൻഡിൽ ദിമാപുരിനും കോഹിമയ്ക്കുമിടയിൽ ചുമൗക്കേദിമ ജില്ലയിലെ ദേശീയ പാത 29ൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് വമ്പൻ പാറക്കല്ല് മുകളിൽനിന്ന് ഉരുണ്ടുവന്ന് കാറുകളെ തട്ടിത്തെറിപ്പിച്ചത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതിവേഗത്തിൽ ഉരുണ്ടു വരുന്ന പാറക്കല്ല് രണ്ടു കാറുകളെ പൂർണമായും തകർക്കുന്നതും മറ്റൊരു കാറിലേക്കു പതിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്. പിന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിൽനിന്ന് പകർത്തിയതാണ് വിഡിയോ.

കാറിലുണ്ടായിരുന്ന ഒരാൾ സംഭവ സ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഒരാൾ കാറിനുള്ളിൽ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. ‘പകലാ പഹാർ’ എന്ന സ്ഥലത്താണ് അപകടം നടന്നതെന്നും ഉരുൾ‌പ്പൊട്ടലോ മണ്ണിടിച്ചിലോ ഇവിടെ മുൻപ് അധികം ഉണ്ടായിട്ടില്ലെന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്പെയ് റിയോ അറിയിച്ചു.
അപകടത്തിൽ പരുക്കേറ്റവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്നും അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *