ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം. അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം എയ്തിട്ടത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 230-229 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ കിരീട നേട്ടം. ആദ്യ റൗണ്ടിവും മൂന്നാം റൗണ്ടിലും പിന്നില്‍ പോയ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്.
ഇതോടെ 19 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും ചേര്‍ത്ത് ഇന്ത്യയുടെ മെഡല്‍ നേട്ടം ആകെ 82 മെഡലായി.
ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ പി.വി സിന്ധു ചൈനയുടെ ബിന്‍ജിയാവോയോട് തോറ്റ് പുറത്തായി. മാരത്തണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം മാന്‍ സിങ്ങിന് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.
11-ാം ദിനത്തില്‍ മെഡല്‍നേട്ടത്തില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ചു. ബുധനാഴ്ച നീരജ് ചോപ്രയും പുരുഷ റിലേ ടീമും അമ്പെയ്ത്തുകാരും സ്വര്‍ണം നേടിയതോടെ ഏഷ്യന്‍ ഗെയിംസിലെ എക്കാലത്തെയും മികച്ച മെഡല്‍നേട്ടത്തിലെത്തി രാജ്യം. ജക്കാര്‍ത്തയില്‍ 16 സ്വര്‍ണം ഉള്‍പ്പെടെ 70 മെഡല്‍ നേടിയതായിരുന്നു ഇതുവരെ മികച്ച പ്രകടനം.
അത്‌ലറ്റിക്‌സില്‍ ബുധനാഴ്ച രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടി. രാവിലെ ജ്യോതി സുരേഖയും ഓജസ് പ്രവീണും ചേര്‍ന്ന സഖ്യം അമ്പെയ്ത്തില്‍ സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യ ജക്കാര്‍ത്തയിലെ നേട്ടം മറികടന്നത്. പിന്നീട് ബോക്‌സിങ്ങില്‍ ഒരു വെള്ളിയും വെങ്കലവും ലഭിച്ചു. സ്‌ക്വാഷിലും ഒരു വെങ്കലം ലഭിച്ചു.