ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് ഡൽഹി പട്യാല ഹൗസ് കോംപ്ലക്സിലെ കുടുംബ കോടതി.
പിരിഞ്ഞുകഴിയുന്ന ഭാര്യ അയേഷ മുഖർജിയിൽ നിന്ന് ശിഖർ ധവാൻ ക്രൂരതയും മാനസികമായ പീഡനവും അനുഭവിക്കേണ്ടിവന്നതായി കോടതി വിലയിരുത്തി. ഏകമകനിൽനിന്നു വേർപെട്ടു ജീവിക്കുന്ന ധവാനെ ഭാര്യ സമ്മർദത്തിലാക്കിയതായും, താരം അതിന്റെ മാനസിക വേദനയിലായിരുന്നെന്നും കോടതി വ്യക്തമാക്കി.
വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ധവാൻ ഭാര്യയ്ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തി.
കുടുംബ ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ധവാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ മനസ്സു തുറന്നിരുന്നു. എന്റെ വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്. നാളെ എനിക്കു മറ്റൊരു വിവാഹം ചെയ്യേണ്ടി വന്നാൽ എങ്ങനെയുള്ള പെൺകുട്ടിയെയാണ് എനിക്കു വേണ്ടതെന്നു എനിക്കു തന്നെ മനസ്സിലാക്കാൻ സാധിക്കുമെന്നും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തമായി തീരുമാനം എടുക്കാൻ കഴിയും എന്നുമായിരുന്നു ധവാന്റെ പ്രതികരണം.
2012 ഒക്ടോബറിലാണ് അയേഷ മുഖർജിയും ധവാനും വിവാഹിതരായത്. ആദ്യ വിവാഹത്തിൽ അയേഷയ്ക്കു രണ്ടു പെൺമക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *