വിയ്യൂർ: തമിഴ്നാട് പോലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് ഗുരുതര കേസുകളിലെ പ്രതി ചാടിപ്പോയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിയ്യൂർ എസ്എച്ച്ഒയ്ക്കാണ് നിലവിൽ അന്വേഷണത്തിൻ്റെ ചുമതല.
രക്ഷപ്പെട്ട ബാലമുരുകൻ അഞ്ചോളം കൊലപാതക ശ്രമക്കേസുകളിൽ പ്രതിയാണ്. കൂടാതെ, തനിക്കെതിരെ സാക്ഷി പറഞ്ഞ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. 2021-ൽ തമിഴ്‌നാട്ടിലെ മോഷണക്കേസിൽ മറയൂരിൽ നിന്നാണ് കേരള പോലീസ് ബാലമരുകനെ പിടികൂടിയത്.
കസ്റ്റഡിയിലിരിക്കെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. പ്രാഥമിക ആവശ്യം നിറവേറ്റുന്നതിനായി കൈവിലങ്ങ് അഴിച്ചപ്പോഴാണ് പ്രതി ചാടിപ്പോയതെന്നാണ് തമിഴ്നാട് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ, പ്രതി രക്ഷപ്പെട്ട് ഒരു മണിക്കൂർ കഴിഞ്ഞാണ് തമിഴ്‌നാട് പോലീസ് ഇക്കാര്യം കേരള പോലീസിനെ അറിയിച്ചതെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
നിലവിൽ പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ബാലമുരുകൻ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ച് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതി ബൈക്കിൽ രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ സമീപപ്രദേശങ്ങളിൽ ബൈക്ക് മോഷണം നടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരുന്നുണ്ട്.
