കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി. എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി പറഞ്ഞു. കേസിൽ ശാസ്ത്രീയ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകി. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിളുകൾ ശേഖരിക്കാനും കോടതി നിർദ്ദേശിച്ചു. എത്രമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

ശ്രീകോവിൽ വാതിലിലും തട്ടിപ്പ് സംശയം

ശ്രീകോവിലിൽ പുതിയ വാതിൽ സ്ഥാപിച്ചതിലും, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പോറ്റിയെ മുൻനിർത്തി വൻ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതായും ഹൈക്കോടതി നിരീക്ഷിച്ചു. ചെന്നൈയിൽ എന്താണ് നടന്നതെന്ന് കൃത്യമായി അന്വേഷിക്കണം. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകിയെന്നും, പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും കോടതി പറഞ്ഞു.

“ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം” എന്ന് ഓർമ്മിപ്പിച്ച കോടതി, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനം നടത്തി. സ്വർണ്ണക്കൊള്ളയിൽ പങ്കാളികളായ എല്ലാവരിലേക്കും അന്വേഷണം എത്തണം. മാത്രമല്ല, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി എസ്ഐടിക്ക് നിർദ്ദേശം നൽകി. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *