റിയാദ്: ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്‌ബോള്‍ ലോകത്തെ തര്‍ക്കമില്ലാത്ത ഇതിഹാസങ്ങള്‍. ചോദ്യം ഇവരില്‍ ആരാണ് കേമന്‍ എന്നാവുമ്പോള്‍ ആരാധകരും മുന്‍താരങ്ങളും ഇപ്പോഴത്തെ താരങ്ങളും ഫുട്‌ബോള്‍ പണ്ഡിറ്റുകളുമെല്ലാം രണ്ടും തട്ടില്‍. ഇപ്പോള്‍ മെസിയെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റിയാനോ. അര്‍ജന്റൈന്‍ താരം മെസി തന്നെക്കാള്‍ മികച്ച താരമല്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ക്രിസ്റ്റ്യാനോ. മറ്റുളളവരുടെ വാക്കുകള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

മെസ്സിയെക്കാള്‍ കേമന്‍ താനാണെന്ന് റൊണാള്‍ഡോ പലതവണ പറഞ്ഞിട്ടുണ്ട്. കരിയറിന്റെ അവസാന പടവുകളില്‍ എത്തിനില്‍ക്കുമ്പോഴും റൊണാള്‍ഡോ ഇതാവര്‍ത്തിക്കുന്നു. പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോയുടെ വാക്കുകള്‍. മെസി തന്നേക്കാള്‍ കേമനാണെ അഭിപ്രായം ഒരിക്കലും അംഗീകരിക്കില്ല. അത്ര വിനയാന്വിതനാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ളത് പറയാം. അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും പോര്‍ച്ചുഗീസ് ഇതിഹാസം. ലോകകപ്പ് നേട്ടം കാര്യമാക്കുന്നില്ലെന്നും, അതെല്ല ഒരു താരത്തിന്റെ കഴിവ് അളക്കുന്നതെന്നും ക്രിസ്റ്റ്യാനോ കൂട്ടിചേര്‍ത്തു.

നാല്‍പതുകാരനായ റൊണാള്‍ഡോ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനാണ്. പ്രൊഫണല്‍ കരിയറില്‍ 950 ഗോള്‍ നേടിയിട്ടുള്ള റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടത് 143 തവണ. സൗദ് പ്രോ ലീഗ് ക്ലബ് അല്‍ നസറിന്റെ താരമായ റൊണാള്‍ഡോയുടെ ലക്ഷ്യം അടുത്ത വര്‍ഷത്തെ ലോകകപ്പും ആയിരം കരിയര്‍ ഗോളുമാണ്. 2022ല്‍ അര്‍ജന്റീനയെ ലോക ചാമ്പ്യന്‍മാരാക്കിയ മെസി ആകെ 890 ഗോള്‍ നേടിയിട്ടുണ്ട്. ഇതില്‍ 114 ഗോളുകള്‍ അര്‍ജന്റൈന്‍ ജഴ്‌സിയില്‍.

Leave a Reply

Your email address will not be published. Required fields are marked *