തിരുവനന്തപുരം: പ്രളയബാധിതരുടെ പുനരധിവാസത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടപ്പിലാക്കിയ ‘പുനർജ്ജനി’ പദ്ധതിയിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ. വിദേശ ഫണ്ട് സമാഹരണത്തിൽ കേന്ദ്ര നിയമങ്ങൾ ലംഘിച്ചതായും പദ്ധതിയുടെ പ്രധാന പങ്കാളിയായ മണപ്പാട്ട് ഫൗണ്ടേഷനുമായി പ്രതിപക്ഷ നേതാവിന് സംശയാസ്പദമായ ബന്ധമുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്നതായും 27/11/2018 മുതൽ 08/03/2022 വരെ ഈ അക്കൗണ്ടിലൂടെ വലിയ തോതിൽ പണമിടപാടുകൾ നടന്നതായും വിജിലൻസ് കണ്ടെത്തി. ലഭ്യമായ രേഖകൾ പ്രകാരം 1,27,33,545.24 രൂപ (ഏകദേശം 1.27 കോടി രൂപ) പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ചിട്ടുണ്ട്. പുനർജ്ജനി സ്‌പെഷ്യൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഎ കറന്റ് അക്കൗണ്ടുകൾ വഴിയുമാണ് പണം സ്വീകരിച്ചിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) ലംഘിച്ചാണ് പണം സമാഹരിച്ചതെന്നാണ് വിജിലൻസിന്റെ പ്രധാന ആരോപണം. വിദേശത്തുനിന്ന് പണം പിരിക്കാൻ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വി ഡി സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയർമാൻ അമീർ അഹമ്മദ് വിജിലൻസിനോട് വ്യക്തമാക്കിയിട്ടുണ്ട്. യുകെ യാത്രയ്ക്ക് പിന്നിൽ മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദും വി ഡി സതീശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നുവെന്നാണ് വിജിലൻസ് സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *