മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. വി കെ ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണം കേരളത്തിന്റെ രാഷ്ട്രീയ – പൊതുജീവിതത്തിന് തീരാനഷ്ടമാണെന്ന് സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുസേവന രംഗത്ത് ദീർഘകാലം സമർപ്പിതമായി പ്രവർത്തിച്ച അദ്ദേഹം, മന്ത്രിയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കും വിലപ്പെട്ട സംഭാവനകൾ നൽകി.

ജനങ്ങളോടുള്ള അടുപ്പവും ഭരണകാര്യങ്ങളിൽ കാണിച്ച ദൃഢനിശ്ചയവും അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമായി മാറ്റി. വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങളിലൂടെ അദ്ദേഹം സംസ്ഥാനത്തിന്റെ വളർച്ചയിൽ തന്റെ വ്യക്തമായ മുദ്ര പതിപ്പിച്ചതായും സ്പീക്കർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കു ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പീക്കർ അറിയിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുൻ വ്യവസായ, പൊതുമരാമത്ത് മന്ത്രിയും മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ പ്രധാന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചത്. നദീറയാണ് ഭാര്യ. മക്കൾ: അഡ്വ. വി ഇ അബ്ദുൾ ഗഫൂർ, വി ഇ ആബ്ബാസ്, വി ഇ അനൂപ്.

Leave a Reply

Your email address will not be published. Required fields are marked *