ദേശീയ വിരവിമുക്ത ദിനം വ്യാഴാഴ്ച

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ജില്ലയില്‍ ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നു. ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും വിരഗുളിക (ആല്‍ബന്‍ഡസോള്‍) നല്‍കി വിര രോഗ നിയന്ത്രണം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി സ്‌കൂളുകളിലും അങ്കണവാടികളിലും കുട്ടികള്‍ക്ക് സൗജന്യമായി വിരഗുളിക നല്‍കും. അന്നേദിവസം വിരയ്‌ക്കെതിരെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 15 – ന് മോപ്പ് അപ്പ് റൗണ്ടിലും ഗുളികകള്‍ ലഭ്യമാക്കും. വിരബാധിതരായ കുട്ടികളില്‍ പോഷണവൈകല്യവും വിളര്‍ച്ചയും മൂലം ക്ഷീണിതരായിട്ടാകും കാണപ്പെടുക. പഠനത്തില്‍ ശ്രദ്ധക്കുറവ്, പ്രായത്തിനനുസരിച്ച് ശരീരഭാരം വര്‍ധിക്കാതിരിക്കുക എന്നിവ വിരബാധയുടെ ലക്ഷണങ്ങളാണ്. കൊക്കപ്പുഴു, ചാട്ട വിര, ഉരുളന്‍ വിര, കൃമി, നാടവിര തുടങ്ങിയവയെയാണ് വിരഗുളിക നല്‍കി പ്രതിരോധിക്കുന്നത്.

വിരബാധയുടെ ലക്ഷണങ്ങള്‍ കുട്ടികളില്‍

  • വയറു വേദന, ഛര്‍ദ്ദി, വയറിളക്കം
    *മലദ്വാരത്തില്‍ ചൊറിച്ചില്‍
    *മലത്തില്‍ വിരകള്‍
    *വിളര്‍ച്ച
    *തൂക്കകുറവ്

എങ്ങനെ വിരബാധ തടയാം

*മാംസം നന്നായി പാചകം ചെയ്ത് ഉപയോഗിക്കുക.
*ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ഭക്ഷണം കഴിച്ചതിനു ശേഷവും കൈകള്‍ കഴുകുക.
*ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകള്‍ കഴുകുക.
*തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനം പാടില്ല.
*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
*ഭക്ഷണം അടച്ച് സൂക്ഷിക്കുക
*കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക.
*അടിവസ്ത്രം ദിവസവും മാറുക.
*മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യം ശരിയായി സംസ്‌കരിക്കുക.
*പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.
*6മാസത്തിലൊരിക്കല്‍വിരബാധയ്‌ക്കെതിരെ ഗുളിക കഴിക്കുക.

2 മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും (400 മി.ഗ്രാം) ഒന്നുമുതല്‍ 2 വയസ്സുവരെ യുള്ള കുഞ്ഞുങ്ങള്‍ക്ക് അര ഗുളികയുമാണ് (200 മി.ഗ്രാം) നല്‍കുന്നത്. വിരഗുളിക പാര്‍ശ്വഫലങ്ങളില്ലാത്തതും ഫലപ്രദവും സൗജന്യമായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍,ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ അങ്കണവാടി , സ്‌കൂളുകള്‍, ആശമാര്‍ എന്നിവരില്‍ നിന്നും നാളെ (8) ഫെബ്രുവരി , 15 തീയതികളില്‍ ലഭ്യമാണ്.കഴിയുന്നതും നാളെതന്നെ ഗുളികകള്‍ നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പ്രസ്തുത പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പൈനാവ് മോഡല്‍ റെസിഡന്‍സ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു നിര്‍വഹിക്കും

വനിതകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം

സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതയ്ക്ക് പുരസ്‌കാരം നല്‍കുന്നു. ഈ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ അവാര്‍ഡിന് പരിഗണിക്കും. അപേക്ഷകര്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ കാഴ്ചവെച്ചിട്ടുളള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, റിപ്പോര്‍ട്ട് എന്നിവ നിശ്ചിതമാതൃകയിലുളള അപേക്ഷയോടൊപ്പം ഫെബ്രുവരി 15 ന് മുമ്പായി ജില്ലാ വനിതശിശുവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അവാര്‍ഡ് തുകയായി ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും നല്‍കും. അവാര്‍ഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ പൈനാവില്‍ എസ്.ബി.ഐ.യ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതശിശുവികസന ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 299475.

ടെന്‍ഡര്‍ ക്ഷണിച്ചു

അടിമാലി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 110 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആവശ്യമായ പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം .ടെന്‍ഡര്‍ ഫോമുകള്‍ ഫെബ്രുവരി 22ന് 12 വരെ ലഭിക്കും. സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 22 ഉച്ചക്ക് 2 വരെ. അന്നേ ദിവസം 3 ന് ടെന്‍ഡറുകള്‍ തുറന്ന് പരിശോധിക്കും. കവറിനു മുകളിലായി അങ്കണവാടികളിലേയ്ക്കുള്ള ‘പ്രീ സ്‌കൂള്‍ കിറ്റ്’ എന്ന് രേഖപ്പെടുത്തണം. അപേക്ഷകള്‍ ശിശുവികസന പദ്ധതി ഓഫീസര്‍, അടിമാലി എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. ടെന്‍ഡര്‍ ലഭിച്ച സ്ഥാപനം, വ്യക്തികള്‍ അടങ്കല്‍ തുകയുടെ അഞ്ചു ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കി 200 രൂപയുടെ മുദ്രപത്രത്തില്‍ കരാര്‍ വയ്ക്കണം. ക്വോട്ട് ചെയ്യുന്ന തുക എല്ലാ നികുതികളും അടക്കമുള്ളതാകണം. ടെന്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ അറിയിപ്പ് ലഭിക്കുന്ന ദിവസം കമ്മിറ്റി മുമ്പാകെ സാമ്പിളുകള്‍ ഹാജരാക്കണം. സപ്ലൈ ഓര്‍ഡര്‍ കിട്ടിയാല്‍ 15 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടിമാലി ശിശുവികസന പദ്ധതി ഓഫീസുമായി പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍: 9447876176.

പ്ലസ്ടു, എട്ടാം ക്ലാസ്സ് പാസായവര്‍ക്ക് അവസരം

സാമൂഹ്യനീതി വകുപ്പിന്റെ ഇടുക്കി സര്‍ക്കാര്‍ വൃദ്ധ വികലാംഗസദനത്തില്‍ ഒഴിവുളള കെയര്‍ പ്രൊവൈഡര്‍, ജെപിഎച്ച്എന്‍ തസ്തികകളില്‍ ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന നിയമനത്തിന് ഫെബ്രുവരി 12ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ 18 നും 50 നും ഇടയില്‍ പ്രായമുളള എട്ടാം ക്ലാസ് പാസായ സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.
ജെപിഎച്ച്എന്‍ തസ്തികയില്‍ പ്ലസ്ടു ജെപിച്ച്എന്‍ അല്ലെങ്കില്‍ പ്ലസ്ടു എഎന്‍എം കോഴ്‌സ് പാസ്സായിരിക്കണം. 18 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. വിശദമായ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം തൊടുപുഴ മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ വികലാംഗസദനത്തില്‍ നേരിട്ട് ഹാജരാകണം. കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ഫെബ്രുവരി 12ന് 10.30 നും ജെപിഎച്ച്എന്‍ തസ്തികയിലേക്കുളള ഇന്റര്‍വ്യൂ 11 മണിക്കും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 297821.

എ.എം.ആർ: ഫാർമസിസ്റ്റുകളുടെ യും പ്രതിനിധികളുടെയും യോഗം വ്യാഴാഴ്ച

ജില്ലയിലെ ആൻറി മൈക്രോബിയൽ പ്രതിരോധവുമായി (എ.എം.ആർ) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മരുന്ന് വിപണന രംഗത്ത് പ്രവർത്തിക്കുന്ന
നീതി മെഡിക്കൽ സ്റ്റോറുകൾ, പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ, മറ്റ് ഫാർമസി ശൃംഖലകൾ എന്നിവിടങ്ങളിലെ ഫാർമസിസ്റ്റുകളുടെ യും പ്രതിനിധികളുടെയും യോഗം ഫെബ്രുവരി എട്ടിന് രാവിലെ 10.15 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

ഫാർമസി സ്ഥാപനങ്ങളുടെ പ്രതിനിധികളും ഫാർമസിസ്റ്റുകളും പങ്കെടുക്കണമെന്നും ആൻറി മൈക്രോബിയൽ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും കോഴിക്കോട് അസിസ്റ്റൻറ് ഡ്രഗ്സ് കൺട്രോളർ
അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *