ഭ‌ർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേർ പിടിയിൽ. രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ ആശിഷ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആശിഷിന്റെ ഭാര്യ അഞ്ജലി (23), ഇവരുടെ കാമുകൻ സഞ്ജു, സഞ്ജുവിന്റെ സുഹൃത്തുക്കളായ രോഹിത് (റോക്കി), ബാദൽ എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുൻപ് ആയിരുന്നു ഇവരുടെ വിവാഹം.

ജനുവരി 30-ന് വൈകുന്നേരം ആശിഷും അഞ്ജലിയും നടക്കാൻ പോയപ്പോഴാണ് കൊലപാതകം നടന്നത്. അഞ്ജലിയുടെ നിർബന്ധപ്രകാരം വിജനമായ ഒരു വഴിയിലൂടെ പോകുമ്പോൾ, അവിടെ കാത്തുനിന്ന സഞ്ജുവും കൂട്ടുകാരും ആശിഷിനെ ആക്രമിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇതൊരു ഹിറ്റ് ആൻഡ് റൺ (വാഹനാപകടം) ആണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചു. അഞ്ജലി തന്റെ സ്വർണ്ണാഭരണങ്ങൾ സഞ്ജുവിന് നൽകിയ ശേഷം, ബോധരഹിതയായ പോലെ അഭിനയിച്ച് റോഡിൽ കിടന്നു.

ആശിഷിന്റെ മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ ഗൂഢാലോചന പുറത്തുവന്നത്. ആശിഷിന്റെ ശരീരത്തിലെ പരിക്കുകളും അഞ്ജലിയുടെ മൊഴികളിലെ വൈരുദ്ധ്യവുമാണ് പോലീസിനെ സത്യത്തിലേക്ക് നയിച്ചത്. എം.കോം വിദ്യാർത്ഥിനിയായ അഞ്ജലിക്ക് വിവാഹത്തിന് മുൻപേ സഞ്ജുവുമായി പ്രണയമുണ്ടായിരുന്നു. കല്യാണ വീടുകളിൽ വെയ്റ്ററായി ജോലി ചെയ്യുന്ന സഞ്ജുവുമായുള്ള ബന്ധം തുടരാൻ അഞ്ജലി നടത്തിയ പദ്ധതിയായിരുന്നു ഈ കൊലപാതകം.

പരസ്പരം അടുത്ത ബന്ധമുള്ള രണ്ട് കുടുംബങ്ങളെയാണ് ഈ സംഭവം ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്. അഞ്ജലിയുടെ അമ്മായിയുടെ മകനായിരുന്നു കൊല്ലപ്പെട്ട ആശിഷ്. അഞ്ജലിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ആശിഷിന്റെ മാതാപിതാക്കളും അഞ്ജലിയുടെ സ്വന്തം വീട്ടുകാരും ഒരേപോലെ ആവശ്യപ്പെടുന്നു. തങ്ങളുടെ കുടുംബത്തിന്റെ അന്തസ്സ് അഞ്ജലി നശിപ്പിച്ചെന്നും അവൾ ചെയ്ത ക്രൂരതയ്ക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും അഞ്ജലിയുടെ അമ്മാവൻ പറഞ്ഞു. ആശിഷ് ജിയോളജിയിൽ എം.എസ്.സി ബിരുദധാരിയും ബി.എഡ് വിദ്യാർത്ഥിയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *