കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും സർക്കാർ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ രോഗിയുടെ കൂട്ടിരിപ്പുകാരുടെ മർദനം. പേരാമ്പ്ര സ്വദേശിയായ സുരേഷിനാണ് മർദനമേറ്റത്. സംഭവത്തിൽ രണ്ട് പേരെ കോഴിക്കോട് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. ആശുപത്രിയിലെ ആംബുലൻസ് പാർക്ക് ചെയ്യുന്ന ഭാഗത്ത് ഇരിക്കുകയായിരുന്ന രണ്ട് യുവാക്കളോട് അവിടെ നിന്നും മാറിനിൽക്കാൻ സുരേഷ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയായതിനാൽ പുരുഷന്മാർ നിൽക്കുന്നതിന് നിയന്ത്രണമുള്ള ഭാഗത്ത് നിന്നും ഒപി കൗണ്ടറിന് സമീപത്തെ ഇരിപ്പിടത്തിലേക്ക് മാറാൻ സുരേഷ് നിർദ്ദേശിച്ചു. എന്നാൽ ഇത് കേൾക്കാൻ തയ്യാറാവാതിരുന്ന യുവാക്കൾ സുരേഷിനെ മർദിക്കുകയായിരുന്നു. മർദനത്തിൽ കൈയ്ക്കും നെഞ്ചിനും പരിക്കേറ്റ സുരേഷിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികൾക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ടൗണ്‍‍ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *