ഡൽഹി: രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിലെ പ്രധാന പ്രതികളുടെ ഭാര്യമാരായ ജിത ഭാസ്കർ, ശ്രീലത എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. ബാങ്ക് മുൻ സെക്രട്ടറിയും കേസിലെ ഒന്നാം പ്രതിയുമായ ടി.ആർ. സുനിൽകുമാറിന്റെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവർ.
കേരളം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയായാണ് കരുവന്നൂർ തട്ടിപ്പ് വിലയിരുത്തപ്പെടുന്നത്. സഹകരണ വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ 108 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയിരുന്നത്. തുടർന്ന് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. നിലവിൽ 31 പ്രതികളാണ് കേസിലുള്ളത്. ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ, മാനേജർ ബിജു കരീം, ചീഫ് അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരും ഇവരുടെ ഭാര്യമാരുമാണ് ഭരണസമിതിക്ക് പുറത്തുള്ള പ്രധാന പ്രതികൾ. ഇതിനുപുറമെ വിവിധ കാലയളവുകളിൽ ബാങ്ക് ഭരണസമിതിയിൽ ഉണ്ടായിരുന്ന 26 പേരും പ്രതിപ്പട്ടികയിലുണ്ട്.
