കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപിക സിന്ധു എസ്. നായരെ തടഞ്ഞ സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്റിനെതിരെ പോലീസ് കേസെടുത്തു. കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ മാത്രമാണ് ആദ്യം പ്രതിയാക്കിയിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാനേജർ കെ. സുരേഷ് കുമാറിനെതിരെ പ്രേരണാകുറ്റം ചുമത്തി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. മാനേജരുടെ കൃത്യമായ നിർദ്ദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലെത്തിയ പ്രധാനാധ്യാപികയെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് പൂട്ടി തടഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ചുരിദാർ ധരിച്ചെത്തുന്ന അധ്യാപികയെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന മാനേജരുടെ നിർദ്ദേശമാണ് താൻ പാലിച്ചതെന്നായിരുന്നു സെക്യൂരിറ്റിയുടെ നിലപാട്. ഗേറ്റിനു മുന്നിൽ അധ്യാപിക കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് അവരെ അകത്തേക്ക് പ്രവേശിപ്പിച്ചത്. മാനേജരുടെ അധികാര ധാർഷ്ട്യമാണ് ഇതിനു പിന്നിലെന്നും തനിക്കുണ്ടായ മാനഹാനിക്ക് നീതി ലഭിക്കണമെന്നും സിന്ധു ടീച്ചർ പ്രതികരിച്ചു. നിലവിൽ വിദ്യാഭ്യാസ വകുപ്പും വനിതാ കമ്മീഷനും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *