അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ പ്രതി സിറിയാക്കിന്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അപകടം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും കാർ ഓടിച്ചയാളെ പിടികൂടാത്തതിനാൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിന് പിന്നാലെയാണ് പ്രതി സിറിയാക്കിൻ്റെ പിതാവിനെ അറസ്റ്റ് ചെയ്തത്.

അതേസമയം, നാല് പേർക്ക് പുതുജീവനേകിയാണ് 19 കാരിയായ ജസ്‌ലിയ വിട പറഞ്ഞത്. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയായിരുന്നു ജസ്‌ലിയ. പഠനത്തോടൊപ്പം സ്‌പോർട്‌സിലും മികവ് പുലർത്തിയിരുന്നു. പാർട്ട്‌ടൈമായി ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.

ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് അങ്കമാലിയിൽ വെച്ച് അമിത വേഗത്തിൽ എത്തിയ കാർ ജസ്‌ലിയയെ ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജസ്‌ലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *