തടിയന്റമോൾ മലയിൽ നാലുദിവസം കുടുങ്ങിയ നാദാപുരം സ്വദേശി ശരണ്യയുടെ വെളിപ്പെടുത്തലുകളിൽ ശക്തമായ സംശയം പ്രകടിപ്പിച്ച് പ്രശസ്ത പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ രംഗത്തെത്തി. ശരണ്യ മാധ്യമങ്ങളോട് വിവരിച്ച കാര്യങ്ങൾ ഒരു അതിജീവന പോരാട്ടത്തിന്റെ സ്വാഭാവികതയുമായി പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടുംകാട്ടിൽ ഒറ്റപ്പെട്ടുപോകുന്ന ഒരാൾ അനുഭവിക്കുന്ന ഭീകരതയോ പരിഭ്രാന്തിയോ ശരണ്യയുടെ വാക്കുകളിലോ ഭാവത്തിലോ പ്രതിഫലിക്കുന്നില്ലെന്നും, പറയുന്ന കാര്യങ്ങൾ പരസ്പരബന്ധിതമല്ലെന്നും ഹസൻ ഖാൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കാടിനുള്ളിൽ വഴിതെറ്റിയാൽ ശബ്ദമുണ്ടാക്കിയോ വന്ന വഴി തിരഞ്ഞോ ജനവാസ കേന്ദ്രത്തിലെത്താനാണ് ആരും ശ്രമിക്കുകയെന്നും എന്നാൽ ശരണ്യയുടെ ഭാഗത്തുനിന്ന് അത്തരം നീക്കങ്ങൾ ഉണ്ടായില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. കാലുവേദന കാരണം അവിടെത്തന്നെ വിശ്രമിച്ചു എന്ന വാദം വിശ്വസനീയമല്ല. കൊടുംകാട് ഒരു സുഖവാസ കേന്ദ്രമല്ലെന്നും ഡ്രോൺ നിരീക്ഷണം പ്രതീക്ഷിച്ച് രണ്ടാം ദിവസവും അവിടെത്തന്നെ കഴിഞ്ഞു എന്ന ശരണ്യയുടെ മൊഴി യുക്തിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണമില്ലാതെ മൂന്ന് ദിവസം കാട്ടിൽ കഴിഞ്ഞ ഒരാളുടെ ശാരീരിക ക്ഷീണമൊന്നും ശരണ്യയുടെ മുഖത്ത് കാണാനില്ലെന്നതും അദ്ദേഹം സംശയമായി ഉന്നയിച്ചു.

ശാസ്ത്രലേഖകൻ വിജയകുമാർ ബ്ലാത്തൂരും ശരണ്യയുടെ യാത്രാ വിവരണത്തിലെ അസ്വാഭാവികതകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. തടിയന്റമോൾ പീക്കിൽ വഴിതെറ്റാനുള്ള സാധ്യതകൾ കുറവാണെന്നും വന്യമൃഗങ്ങളുള്ള അത്തരമൊരു പ്രദേശത്ത് നാലുദിവസം സുരക്ഷിതമായി കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. പർവതാരോഹകരും വിദഗ്ധരും ഒരുപോലെ സംശയം പ്രകടിപ്പിച്ചതോടെ ശരണ്യയുടെ കാട്ടിലെ ‘അതിജീവന’ കഥയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *