കൊവിഡ് മരണങ്ങളുടെ കണക്കുകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നതില്‍ അപാകതയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി എത്തിയത്.

ശാസ്ത്രം കള്ളം പറയില്ല, മോദി പറയുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ പറയുമ്പോലെ 4.8 ലക്ഷമല്ല, 47 ലക്ഷം ഇന്ത്യക്കാരാണ് കൊവിഡ് മഹാമാരി മൂലം മരണപ്പെട്ടതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

‘കോവിഡ് മഹാമാരി മൂലം 47 ലക്ഷം ഇന്ത്യക്കാരാണ് മരിച്ചത്. അല്ലാതെ സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ 4.8 ലക്ഷം പേരല്ല. ശാസ്ത്രം നുണപറയില്ല, മോദി പറയും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ബഹുമാനിക്കുന്നു. നാലു ലക്ഷം രൂപ വീതം നല്‍കി കുടുംബങ്ങള്‍ക്ക് ആശ്വാസമേകണം’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. മരണം കണക്കാക്കാന്‍ ഡബ്ല്യു.എച്ച്.ഒ. സ്വീകരിച്ച പഠനരീതി ശരിയല്ലെന്നും ഇന്ത്യയുടെ എതിര്‍പ്പ് പരിഗണിക്കാതെയാണ് അധികമരണം സംബന്ധിച്ച കണക്കുകള്‍ സംഘടന പുറത്തുവിട്ടതെന്നും കേന്ദ്രം ചൂണ്ടികാട്ടി.

Leave a Reply

Your email address will not be published. Required fields are marked *