തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് അണ്‍ഫോളോ ചെയ്ത് മെഹുവ മൊയിത്ര എംപി. കഴിഞ്ഞദിവസം, കാളീദേവിയെ കുറിച്ച് മഹുവ നടത്തിയ പരാമര്‍ശത്തെ പാര്‍ട്ടി നേതൃത്വം അപലപിച്ചിരുന്നു.
ഇതിന് പിന്നലെയാണ് എംപിയുടെ നടപടി.

നിലവില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മാത്രമാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഇവര്‍ ട്വിറ്ററില്‍ പിന്തുടരുന്നത്. കാളിദേവിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ, ഇത് തള്ളിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

ഇന്‍ഡ്യാ ടുഡേ നടത്തിയ കോണ്‍ക്ലേവിലായിരുന്നു മഹുവ മൊയ്ത്ര കാളി ദേവിയുമായി ബന്ധപ്പെട്ട തന്റെ സങ്കല്‍പ്പത്തെക്കുറിച്ച് വിശദീകരിച്ചത്. കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്ഥലങ്ങളില്‍ ദൈവങ്ങള്‍ക്ക് വിസ്‌കി അര്‍പ്പിക്കുന്നു, മറ്റ് ചില സ്ഥലങ്ങളില്‍ അത് ദൈവനിന്ദയാകും,’ മെഹുവ പറഞ്ഞു. കാളി ദേവി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന സിനിമാ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു പ്രസ്താവന.

മഹുവ മൊയ്ത്ര പറഞ്ഞത് തീര്‍ത്തും അവരുടെ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നുമായിരുന്നു വിശദീകരണം. മഹുവ മൊയ്ത്രയുടെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു വിശദീകരണം നല്‍കിയത്. ഇതിന് പിന്നാലെയാണ് ഈ പേജ് മഹുവ മൊയ്ത്ര അണ്‍ഫോളോ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *