കേന്ദ്ര മന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയും രാം ചന്ദ്ര പ്രസാദ് സിങ്ങും രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും രാജിവച്ചത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരായ മുക്താ‍‍ര്‍ അബ്ബാസ് നഖ്വിയേയും ആ‍ര്‍.സി.പി സിംഗിൻ്റേയും പ്രവ‍ര്‍ത്തനങ്ങളെ അനുമോദിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും രാജിവയ്ക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. രാജ്യസഭയിലെ ബിജെപി പ്രതിനിധിയായ മുക്താ‍ര്‍ അബ്ബാസ് നഖ്വിയുടേയും ജെഡിയു പ്രതിനിധിയായ ആര്‍.സി.പി സിംഗിൻ്റേയും കാലാവധി നാളെ അവസാനിക്കുകയാണ്. ബിജെപി നേതാവായ നഖ്വിക്കും ജെഡിയു നേതാവായ സിങ്ങിനും പാര്‍ട്ടികള്‍ വീണ്ടും രാജ്യസഭാ ടിക്കറ്റ് നല്‍കിയിരുന്നില്ല. സഭാംഗമല്ലാതെ ആറു മാസം കൂടി മന്ത്രിസ്ഥാനത്തു തുടരാമെന്നിരിക്കെ, ഇരുവരും തുടരേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം എന്നാണ് സൂചന.അതേസമയം മുക്താ‍ര്‍ അബ്ബാസ് നഖ്വി ഉപരാഷ്ട്രപതി സ്ഥാനാ‍ര്‍ത്ഥിയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഭരണകക്ഷിയായ എൻഡിഎയിൽ നാല് പേരെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗഗത്തിൽ നിന്നുള്ളവരാണ്. മുസ്ലീം സമുദായത്തിൽ നിന്ന് മൂന്ന് പേരും സിഖ് വിഭാഗത്തിൽ നിന്ന് ഒരാളും ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനമായ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ര്‍ട്ട് ചെയ്യുന്നു. അടൽ ബിഹാരി വാജ്പേയിയുടെ സർക്കാരിലും മന്ത്രിസ്ഥാനം വഹിച്ചിരുന്നവരിൽ മോദി സർക്കാരിൽ ശേഷിക്കുന്ന രണ്ടു പേരിൽ ഒരാളാണ് നഖ്‌വി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് രണ്ടാമൻ. ഉത്തർപ്രദേശിൽ അടുത്തിടെ ലോക്സഭാ ഉപതിരഞ്ഞെടുപ്പു നടന്ന അസംഗഡ്, റാംപുർ എന്നീ മണ്ഡലങ്ങളിലൊന്നിൽ നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തെ സ്ഥാനാർഥിയാക്കാതെ വന്നതോടെ തന്നെ ഇത്തവണ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *