ഗേള്‍ നമ്പര്‍ 166, അതായിരുന്നു മുംബൈയിലെ ഡി എന്‍ നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അവളെ വിളിച്ചിരുന്നത്. 2013 ജനുവരി 23-ന് കാണാതായ ആ ഏഴു വയസ്സുകാരിയെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ പോലീസിന് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്നാല്‍, ഒമ്പത് വര്‍ഷങ്ങള്‍ക്കും ഏഴു മാസങ്ങള്‍ക്കും ശേഷം കഴിഞ്ഞ വ്യാഴാഴ്ച ആ പതിനാറുകാരി അവളുടെ അമ്മയെ കണ്ടപ്പോള്‍ ഡി.എന്‍. നഗര്‍ പോലീസ് സ്റ്റേഷനിലെ റിട്ട. എ.എസ്.ഐ. രാജേന്ദ്ര ദോണ്ഡു ഭോസ്ലെയുടെയും കണ്ണു നിറഞ്ഞു. ഒപ്പം താന്‍ അന്വേഷിച്ച മിസ്സിങ് കേസുകളില്‍ അവശേഷിച്ച കേസിന്റെയും പൂട്ട് പൊട്ടിച്ചതിന്റെ സന്തോഷം.
താന്‍ എഎസ്ഐയായിരിക്കുമ്പോള്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ് പോയ 166 ാമത് പെണ്‍കുട്ടിയെയും കണ്ടെത്തിയതിന്റെ ആഹ്‌ളാദത്തിലാണ് അദ്ദേഹം. ആ കഥയാണിപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍.

2008 നും 2015 നും ഇടയില്‍ പെണ്‍കുട്ടികളെ കാണാനില്ലെന്ന 166 കേസുകളാണ് അദ്ദേഹം അന്വേഷിച്ചത്. ഇതില്‍ 165 പെണ്‍കുട്ടികളെയും കണ്ടെത്താന്‍ അദ്ദേഹത്തിനായി. എന്നാല്‍ ഗേള്‍ നമ്പര്‍ 166 എന്ന കേസിലെ പെണ്‍കുട്ടിയെയാണ് കാണാതായത്. 2013ലാണ് പെണ്‍കുട്ടിയെ കാണാതായത്. 2015 ല്‍ വിരമിച്ചെങ്കിലും എഴ് വര്‍ഷം അദ്ദേഹം പെണ്‍കുട്ടിയെ തിരഞ്ഞ് നടന്നു. അവസാനം കഴിഞ്ഞ ദിവസം രാത്രി ആ പെണ്‍കുട്ടി തന്റെ സ്വന്തം കുടുംബത്തെ കണ്ടുമുട്ടി. സ്വന്തം വീടിന് 500 മീറ്റര്‍ അകലെയായിരുന്നു ആ പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 50കാരനായ ജോസഫ് ഡിസൂസയെയും ഭാര്യ സോണിയെയും പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുങ്ങളില്ലാത്തതിന്റെ വിഷമത്തിലായിരുന്ന ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

2013 ല്‍ സ്‌കൂളില്‍ പോയി തിരിച്ച് വരും വഴിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ കാണാതായതോടെ വലിയ അന്വേഷണം തന്നെ നടന്നു. ഇതോടെ പ്രതികള്‍ കുട്ടിയെ കര്‍ണാടകയിലെ ഒരു ഹോസ്റ്ററിലേക്ക് മാറ്റി. 2016 ല്‍ പ്രതികള്‍ക്ക് കുഞ്ഞു പിറന്നതോടെ ഇവരുടെ മട്ടുമാറി. പെണ്‍കുട്ടിയെ ഉപദ്രവിക്കാനും ചീത്ത പറയാനും ആരംഭിച്ചു.കുഞ്ഞിനെ നോക്കാനായി പെണ്‍കുട്ടിയെ തിരിച്ചെത്തിച്ചു രണ്ടുകുട്ടികളെ നോക്കാനുള്ള വരുമാനം ഇല്ലാതായതോടെ പെണ്‍കുട്ടിയെ ഇവര്‍ ജോലിക്കയച്ചു. പെണ്‍കുട്ടിയെ ആരും തിരിച്ചറിയില്ലെന്ന വിശ്വാസത്തിലായിരുന്നു അത്. ഓരാളോടും മിണ്ടരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

പലപ്പോഴും വഴക്ക് പറയുന്നതിനിടെ പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ട് വന്നതാണെന്നും സ്വന്തം മാതാപിതാക്കളല്ലെന്നും പറഞ്ഞു. പ്രതികള്‍ തന്റെ മാതാപിതാക്കളല്ല എന്ന് മനസിലായെങ്കിലും രക്ഷപ്പെടാനാവത്ത സ്ഥിതിയായിരുന്നു കുട്ടിക്ക്. അവസാനം പെണ്‍കുട്ടി ജോലിചെയ്യുന്ന വീട്ടിലെ മറ്റൊരു വേലക്കാരിയായ സ്ത്രീയാണ് സഹായവുമായി എത്തിയത്.

കുട്ടി തന്റെ കഥ വെളിപ്പെടുത്തിയതോടെ സ്ത്രീ ഗൂഗിളില്‍ 2013 ല്‍ കാണാതായ പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞു. അവര്‍ക്ക് കുട്ടിയെ കാണാതായപ്പോള്‍ പ്രസിദ്ധീകരിച്ച പോസ്റ്ററും മറ്റും ലഭിച്ചു. തന്റെ പഴയ ചിത്രം കണ്ടതോടെ പല കാര്യങ്ങളും കുട്ടിക്ക് ഓര്‍മ്മ വന്നു. തന്റെ വീട് സമീപത്തെവിടെയോ ആണ് ഉള്ളതെന്ന് കുട്ടിക്ക് മനസിലായി. പോസ്റ്ററില്‍ കണ്ട നമ്പറില്‍ വിളിച്ചു. കുട്ടിക്കായി നിരന്തരം തിരഞ്ഞിരുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഭോസ്സെയെയും വിവരമറിയിച്ചു.

ഒടുവില്‍ വീഡിയോ കോളിലൂടെ കാണാതായ പെണ്‍കുട്ടിയാണെന്ന തിരിച്ചറിഞ്ഞ ഭോസ്സെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, ബാലവേല, തടവില്‍വെക്കല്‍ എന്നിങ്ങനെ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. വര്‍ഷങ്ങളായി താന്‍ അന്വേഷിച്ചിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയ ചാരിതാര്‍ത്ഥ്യത്തിലാണ് ഭോസ്സെയിപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *