യുപിയിലെ ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സംഘത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. നിലവിൽ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ തടഞ്ഞുവെച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ലഖിംപൂര്‍ ഖേരിയിലെത്താൻ ശ്രമിച്ചതിന് ശേഷം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോഴും തടങ്കലിൽ കഴിയുകയായിരുന്നു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അംഞ്ചഗ സംഘം ബുധനാഴ്ച യുപിയിലേക്ക് തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സച്ചിൻ പൈലറ്റ്, ചരൺസിങ്ങ് ചന്നി, ഭൂപേഷ് ബാഗേൽ, കെ സി വേണുഗോപാൽ എന്നിവരാണ് എത്താനിരുന്നത്.
പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചില്ലെങ്കിൽ പഞ്ചാബിൽ നിന്നും ഉത്തർപ്രദേശിലേക്ക് മാർച്ച് നടത്തുമെന്ന് മുൻ പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു മുന്നറിയിപ്പ് നൽകിയിരുന്നു. കർഷകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുകയും പ്രിയങ്കയെ വിട്ടയയ്ക്കുകയും ചെയ്തില്ലെങ്കിൽ നാളെ പഞ്ചാബിൽ നിന്നും യുപിയിലേക്ക് മാർച്ച് നടത്തുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തിരുന്നു.
