ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും റൺബീർ കപൂറിനും ആദ്യത്തെ കൺമണി പിറന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്. രാവിലെ ആലിയയെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കുഞ്ഞ് ജനിച്ചാൽ ഒരു വർഷത്തേക്ക് പുതിയ സിനിമകൾ ചെയ്യേണ്ടെന്നാണ് ആലിയയുടേയും റൺബീറിന്റേയും തീരുമാനം. ഇതനുസരിച്ച് താരങ്ങൾ ബാക്കിയുള്ള സിനിമകളെല്ലാം വേഗം പൂർത്തിയാക്കിയിരുന്നു. ഗർഭകാലത്തെ അവസാന മാസങ്ങളിൽ വരെ ആലിയ ജോലിത്തിരക്കുകളിലായിരുന്നു.

അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റൺബീറിന്റേയും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരങ്ങൾ പ്രണയത്തിലായത്. ഗാൽ ഗാഡോട്ട്, ജാമി ഡോർനൻ, മത്തിയാസ് ഷ്വീഗോഫർ, സോഫി ഒക്കോനെഡോ എന്നിവർക്കൊപ്പം ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. രൺവീർ സിങ്ങിനൊപ്പം കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയും അടുത്ത വർഷം പുറത്തിറങ്ങും.

രൺബീർ കപൂർ രശ്മിക മന്ദാനയ്‌ക്കൊപ്പമുള്ള ആനിമൽസിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രദ്ധ കപൂറിനൊപ്പമുള്ള ലവ് രഞ്ജന്റെ അടുത്ത ചിത്രവും പുരോഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *