തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി നൽകേണ്ടതില്ലെന്ന് സർക്കാർ തലത്തിൽ ധാരണയായി. പി.എസ് പ്രശാന്ത് അധ്യക്ഷനായ ഭരണസമിതിക്ക് കാലാവധി നീട്ടി നൽകണ്ടെന്നാണ് നിലവിലെ തീരുമാനം. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. പ്രശാന്തിനൊപ്പം സിപിഐ പ്രതിനിധി എ. അജികുമാറും ബോർഡിൽ നിന്ന് പുറത്തേക്ക് പോകും.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളും ഹൈക്കോടതിയുടെ വിമർശനങ്ങളുമാണ് പി.എസ് പ്രശാന്തിനും എ. അജികുമാറിനും കാലാവധി നീട്ടി നൽകേണ്ട എന്ന ധാരണയിലേക്ക് എത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്. മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തിൽ പുതിയ ഭരണസമിതി വന്നാൽ ഏകോപന പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ, ഓർഡിനൻസ് ഇറക്കി കാലാവധി നീട്ടാൻ നേരത്തെ നീക്കം നടന്നിരുന്നു.
എന്നാൽ, ഈ നീക്കങ്ങൾക്കിടെയാണ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗുരുതര വിവരങ്ങൾ പുറത്തുവന്നത്. നിലവിലുള്ള ദേവസ്വം ബോർഡിനെ സംശയ നിഴലിൽ നിർത്തിക്കൊണ്ട്, ഒന്നാം ഇടക്കാല റിപ്പോർട്ടിൽ ഹൈക്കോടതി ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതോടെ, കാലാവധി നീട്ടി നൽകുന്നത് രാഷ്ട്രീയപരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കിയേക്കുമെന്ന് നേതാക്കൾ വിലയിരുത്തി.
നിലവിലെ ഭരണസമിതിയുടെ മിനിറ്റ്‌സിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്ന കണ്ടെത്തൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. 2025-ൽ കോടതിയുടെ അനുമതി തേടാതെ ദ്വാരപാലകപാളി മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊടുത്തുവിട്ടത് 2019-ലെ ക്രമക്കേട് മറച്ചുവെക്കാനാണെന്നും കോടതി വിമർശിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ ഈ ഗുരുതര വിമർശനം.
