ചണ്ഡിഗഢിൽ പുതിയ പാർട്ടി ഓഫീസ് തുറന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസ് വിട്ട് ഒരു മാസത്തിന് ശേഷമാണ് പുതിയ ഓഫിസ് തുറന്നിരിക്കുന്നത്.വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് തന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് മത്സരിക്കുമെന്നും, സഖ്യം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ സീറ്റ് വിഭജനത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. പഞ്ചാബ് ലോക് കോൺഗ്രസും,സുഖ്ദേവ് ദിൻഡ്സയുടെ പാർട്ടിയും,ബിജെപിയും തമ്മിൽ കൃത്യമായ സീറ്റ് വിഭജനം ഉണ്ടാകും. എന്നാൽ എത്രയെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.

മൂന്ന് തവണ മുഖ്യമന്ത്രിയായ അമരീന്ദർ സിംഗ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. 1980-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 14 ദിവസം മുമ്പ് തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ ആവശ്യപ്രകാരം അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതോടെയാണ് അദ്ദേഹം പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *