മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു. മഹി (4) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീടിന് സമീപത്തെ പറമ്പില്‍ കളിക്കുന്നതിനിടെ തുറന്ന കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബോഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിപ്ലിയ രസോദ ഗ്രാമത്തിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ 2.45 ഓടെയാണ് മഹിയെ ജീവനോടെ പുറത്തെത്തിച്ചത്.
25 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ സമാന്തരമായി കുഴിയെടുത്താണ് വിദഗ്ധ സംഘം രക്ഷിച്ചത്. കുട്ടിയെ പാച്ചോറിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നില വഷളായി. തുടര്‍ന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഭോപ്പാലിലെ ഹമീദിയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ചികിത്സയ്ക്കിടെ രാവിലെ 6 മണിയോടെ മരിച്ചു.