രാജ്യസഭയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെടുത്തെന്ന് ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍. കോൺഗ്രസ് എംപി മനു അഭിഷേക് സിംഗ്‍വിയുടെ ഇരിപ്പിടത്തില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തതെന്നും അന്വേഷണം പ്രഖ്യാപിച്ചതായും ചെയര്‍മാന്‍ പറഞ്ഞു.
രാവിലെ സഭ ചേര്‍ന്നയുടന്‍ ഭരണപക്ഷത്ത് നിന്നാണ് ബഹളം തുടങ്ങിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എംപിമാരുടെ ഇരിപ്പിടം പരിശോധിച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെ്ട്ട എംപിമാര്‍ ബഹളം വച്ചു. പതിവ് പരിശോധനയെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജുജു പറഞ്ഞെങ്കിലും എംപിയുടെ പേര് വ്യക്തമാക്കാതെ ഇരിപ്പിടത്തില്‍ നിന്ന് നോട്ട് കെട്ടുകള്‍ കണ്ടെത്തിയെന്ന് വ്യക്തമാക്കി. കാടടച്ച് വെടിവയ്ക്കരുതെന്ന് പ്രതിപക്ഷം ബഹളം വച്ചതോടെ പണം എവിടെ നിന്നാണ് പിടിച്ചെടുത്തതെന്ന് അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ വിശദീകരിച്ചു. പിന്നാലെ അന്വേഷണവും പ്രഖ്യാപിച്ചു.

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകാതെ ആരെയും കുറ്റക്കാരനാക്കരുതെന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. പിന്നാലെ മാധ്യമങ്ങളെ കണ്ട മനു അഭിഷേക് സിംഗ്‍വി ആരോപണം നിഷേധിച്ചു. അഞ്ഞൂറിന്‍റെ ഒറ്റനോട്ട് മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂവെന്ന് സിംഗ്‍വി കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യസഭയില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചു. രാജ്യസഭയുടെ അന്തസിന് കോട്ടം വരുത്തിയ സംഭവമാണെന്ന് ജെപി നദ്ദ ആരോപിച്ചു. സഭ പിന്നീട് നടപടികളിലേക്ക് കടന്നെങ്കിലും വിടാതെ പിടിക്കാനാണ് ബിജെപിയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *